വൈക്കത്ത് അഷ്ടമി ഒരുക്കങ്ങൾ ഊർജ്ജിതം: ക്രമസമാധാനത്തിന് 535 പോലീസുകാർ, കുളങ്ങൾ വൃത്തിയാക്കാൻ നടപടി
വൈക്കം: മഹാദേവക്ഷേത്രത്തോടനുബന്ധിച്ച കുളങ്ങൾ അഷ്ടമിക്ക് മുമ്പ് വൃത്തിയാക്കും. തീരുമാനം ദേവസ്വം മന്ത്രി കെ. മുരളീധരനുമായി കെ. ബിനിമോൻ എം.എൽ.എയും നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറും നടത്തിയ കൂടികാഴ്ചയിൽ. അഷ്ടമി ഉത്സവത്തിന് മുമ്പ് തന്നെ രണ്ട് ക്ഷേത്ര കുളങ്ങൾ വൃത്തിയാക്കുന്നതിനാണ് നടപടിയായത്. ക്ഷേത്രത്തിലെ കേടായ ലൈറ്റുകൾ നന്നാക്കാനും സി.സി.ടി.വി കാമറകൾ കൂടുതലായി സ്ഥാപിക്കാനും ഉത്സവ ഒരുക്കങ്ങൾക്ക് ദേവസ്വം സ്വീകരിക്കേണ്ട മരാമത്ത് പണികൾ സമയ ബന്ധിതമായി നടത്താനും നിർദ്ദേശവുമുണ്ടായി. ഗതാഗത, ക്രമസമാധാന പാലത്തിന് 535 പൊലീസ് സേനാംഗങ്ങളെ നിയോഗിക്കും. വിവിധ വകുപ്പുകളുടെ ഏകോപന ചുമതല ജില്ലാകളക്ടർ ചേതൻ കുമാർ മീണ നിർവ്വഹിക്കും.
അഷ്ടമിക്ക് മുന്നോടിയായി തിരുവനന്തപുരത്താണ് മന്ത്രിയുമായി കൂടിയാലോചന നടന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടർ അടക്കം വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കുളങ്ങൾ വൃത്തിയാക്കുന്നതിനും മറ്റ് ജോലികൾക്കുമുള്ള നടപടികൾ തുടങ്ങിയതായി വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ കെ. ഇന്ദുകുമാരി പറഞ്ഞു. കൂടിക്കാഴ്ചക്കിടെ വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം അനുവദിക്കണമെന്ന നിവേദനവും ആരോഗ്യവകുപ്പിൻ്റെ കൂടി ചുമതലയുള്ള മന്ത്രി കെ. മുരളീധരന് നഗരസഭ നൽകി.

ശബരിമല ഇടത്താവളമായി ദേവസ്വം ബോർഡ് അംഗീകരിച്ചിട്ടുള്ള വൈക്കത്ത് നഗരസഭയുടെ കീഴിലുള്ള പിൽഗ്രിം സെന്ററിന് സർക്കാർ ധനസഹായം അനുവദിക്കണമെന്ന നഗരസഭ പ്രമേയവും മന്ത്രിക്ക് കൈമാറി. വൈക്കത്ത് പുതിയ ആശുപത്രി മന്ദിരം തുറക്കുമ്പോൾ ഹൃദ്രോഗ വിഭാഗവും വേണമെന്നാണ് നഗരസഭയുടെ ആവശ്യം. യുവാക്കളിൽ അടക്കം കുഴഞ്ഞുവീണ് മരണം വ്യാപകമാകുന്ന സാഹചര്യത്തിൽ വൈക്കത്ത് കാർഡിയോളജി വിഭാഗം അത്യാവശ്യമാണെന്നാണ് നഗരസഭ അറിയിച്ചത്. പലപ്പോഴും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരണം സംഭവിക്കുകയാണ് പതിവ്. എന്നാൽ കാർഡിയോളജി വിഭാഗം തുടങ്ങണമെന്ന ആവശ്യത്തിൽ മന്ത്രിയുടെ പ്രതികരണം വ്യക്തമായിട്ടില്ല.
Comments ()