സന്ധ്യവേലക്ക് കോപ്പുതുക്കി; വൈക്കത്ത് അഷ്ടമിയുടെ ആരവമുയരുന്നു
വൈക്കം: വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിനാൾ വരെ നീളുന്ന ഉത്സവകാലത്തിന് വൈക്കത്ത് ഭക്തിസാന്ദ്രമായ തുടക്കം. വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സസ്യവേലക്ക് കോപ്പുതൂക്കി. രാജഭരണ കാലം മുതൽ തുടരുന്ന ആചാരങ്ങളുടെ തുടർച്ചയാണ് തിരുവിതാംകൂർ ദേവസത്തിന്റെ നേതൃത്വത്തിൽ മുറ തെറ്റാതെ നടന്നത്.
ചടങ്ങിന് മുന്നോടിയായി ദേവസ്വം അധികൃതർ ശ്രീകോവിലിന് മുന്നിൽ പ്രാർത്ഥന നടത്തി, വീഘ്നേശ്വരന് തേങ്ങ ഉടച്ച്, കൈ വിളിക്കിൽ ദീപം തെളിച്ച് ക്ഷേത്ര കലവറയിലെത്തി. ആചാര നിറവിൽ തൂശനിലയിൽ പൂവൻപഴക്കുല വെച്ച് നിലവിളക്ക് തെളിച്ച് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ കെ. ഇന്ദു കുമാരി, അസി. കമ്മീഷണർ എസ്. അഭിലാഷ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. വിമൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോപ്പുതൂക്കൽ ചടങ്ങ് നടന്നത്. ഡെപ്യൂട്ടി കമ്മീഷണർ മംഗള വസ്തുവായ മഞ്ഞൾ ത്രാസിൽ വച്ച് തൂക്കി കൈമാറി.തുടർന്ന് ചന്ദനവും. ക്ഷേത്ര ഉത്സവത്തിന് ആവശ്യമായ വസ്തുക്കൾ അളന്ന് തിട്ടപ്പെടുത്തി കാര്യക്കാരന് കൈമാറുന്ന പ്രതീകാത്മകമായ ചടങ്ങാണ് മംഗള വസ്തുക്കൾ കൈമാറി നടത്തുന്ന കോപ്പു തൂക്കൽ.

പുള്ളി സന്ധ്യവേലയ്ക്കും മുഖസന്ധ്യവേലയ്ക്കും അഷ്ടമി കൊടിയേറ്റിന് മുന്നോടിയായും പ്രത്യേകമായാണ് ആണ് കോപ്പുതൂക്കൽ ചടങ്ങ് നടക്കുന്നത്. 17 നാണ് പുള്ളി സന്ധ്യവേല ആരംഭിക്കുക. ഒന്നിടവിട്ട നാലു ദിവസങ്ങളിലാണ് പുള്ളി സന്ധ്യവേല. 24ന് മുഖസന്ധ്യവേല കോപ്പുതൂക്കൽ ചടങ്ങ് നടക്കും. പുള്ളി സന്ധ്യവേലയുടെ ഭാഗമായി സന്ധ്യവേല ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ആനപ്പുറത്ത് എഴുന്നള്ളിപ്പ് നടക്കും.
Comments ()