നെല്ല് സംഭരിക്കാൻ നടപടി സ്വീകരിക്കണം: കിസാൻ സഭ
വൈക്കം: വെച്ചൂർ മോഡേൺ റൈസ്മിൽ അടച്ചു പൂട്ടലിന്റെ വക്കിലെത്തിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കുഴപ്പമെന്ന് നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കിസാൻ സഭ. 10 കോടി രൂപ മുടക്കി പണിത സൈലോ സംരക്ഷിക്കാത്തത് കൊണ്ടാണ് റൈസ് മിൽ ഇപ്പോൾ കർഷകരിൽ നിന്നും നെല്ല് സംഭരിക്കാത്തത് എന്നതും ശരിയല്ല. എൽഡി.എഫിന്റെയും യു.ഡി.എഫിന്റെയും സർക്കാരുകൾ നെല്ല് സംഭരിച്ച വകയിൽ ഏതാണ്ട് 30 കോടി രൂപയോളം ഓയിൽ പാം കോർപ്പറേഷന് കൊടുക്കുവാനുണ്ട്.

ഇതാണ് മില്ല് തുടർന്ന് നടത്തുവാൻ സാധിക്കാത്തതിന്റെ മുഖ്യകാരണം. സൈലോ ഇല്ലെങ്കിലും രണ്ട് ഷിഫ്റ്റ് പ്രവർത്തിപ്പിച്ചാൽ 48 ടൺ നെല്ല് ഒരു ദിവസം കുത്തി അരിയാക്കുവാൻ സാധിക്കും. എന്നാൽ അങ്ങനെ ചെയ്യുവാനോ നെല്ല് സംഭരിക്കുവാനോ കഴിഞ്ഞ 4 മാസമായി മാനേജ്മെന്റ് ശ്രമിക്കുന്നില്ല. ചെയർമാനെ നിശ്ചയിക്കാത്തതും ഒരു പ്രശ്നമാണ്. ഇപ്പോൾ റൈസ് മില്ലിൽ 50 രൂപയുടെ നെല്ല് അരിയാക്കി സപ്ലൈകോയ്ക്ക് കൊടുക്കുമ്പോൾ മില്ലിന് കിട്ടുന്നത് 39 രൂപ മാത്രം. കൂടാതെ ചാക്ക്, പാക്കിംഗ് ചാർജ്ജ് ഈ നഷ്ടവും ഒരു പൊതുമേഖല സ്ഥാപനത്തിന് താങ്ങുവാൻ സാധിക്കുന്നതല്ല. അതിനാലാണ് മില്ല് നെല്ല് സംഭരിക്കാത്തത്. മില്ലിന് കൊടുക്കുവാനുള്ള കുടിശ്ശിക തുകയായ 30 കോടിയോളം രൂപ സർക്കാർ അടിയന്തരമായി കൊടുത്ത് വിരിപ്പ് കൃഷിയുടെ നെല്ല് സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ വൈക്കം മണ്ഡലം പ്രസിഡന്റ് കെ.വി. പവിത്രൻ, സെക്രട്ടറി കെ.കെ. ചന്ദ്രബാബു എന്നിവർ ആവശ്യപ്പെട്ടു.
Comments ()