പട്ടികജാതി ലിസ്റ്റ് ഭേദഗതിക്കെതിരെ പട്ടികജാതിക്കാർ പ്രക്ഷോഭത്തിലേയ്ക്ക്
വൈക്കം: പട്ടികജാതി സംവരണം അട്ടിമറിക്കുന്നതിന് ഒരു കമ്മീഷനെ നിയോഗിച്ച് പുറം വാതിലിലൂടെ ന്യൂനപക്ഷ പദവിയുള്ള ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സ്റ്റാറ്റസ് നൽകാനുള്ള കോൺഗ്രസ്സിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനത്തിനെതിരെ ദേശീയതലത്തിൽ പ്രക്ഷോഭം ആരംഭിക്കാൻ വൈക്കത്ത് ചേർന്ന പട്ടികജാതി പട്ടികവർഗ്ഗ സംഘടനകളുടെ സംയുക്ത കൺവൻഷൻ തീരുമാനിച്ചു.

കേരളത്തിന്റെ സമ്പദ്ഘടനയിൽ ഒരു പങ്കാളിത്തവുമില്ലാത്ത പട്ടികജാതി, പട്ടികവർഗ്ഗ ജനതയുടെ ഉന്നമനത്തിനുള്ള ഏക മാർഗ്ഗം സംവരണമാണ്. നൂറ്റാണ്ടുകളായി ഹിന്ദുമതത്തിൽ പട്ടിക വിഭാഗങ്ങൾ നേരിട്ട ജാതിപരമായ വിവേചനമാണ് സംവരണത്തിന്റെ അടിസ്ഥാനം. ദേശീയതലത്തിലാണ് അവരുടെ സംവരണം നിർണ്ണയിക്കപ്പെട്ടിട്ടുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനാധിപത്യ രാഷ്ട്രീയ സമിതി ചെയർമാൻ ഇ.പി.കുമാരദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ സാമൂഹ്യ പ്രവർത്തകൻ കെ. ഗുപ്തൻ ഉദ്ഘാടനം ചെയ്തു. പി.എൻ. സുകുമാരൻ വിഷയാവതരണം നടത്തി. ആനുപാതിക പ്രാതിനിത്യ പ്രക്ഷോഭ സമിതി സെക്രട്ടറി അഡ്വ. സുനിൽ സി. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ആർ സന്തോഷ്, കെ.പി. ഹരി, പി.സി. രാജേഷ്, കെ. ശിവദാസ്, പി.കെ. വേണു, ഷാജി എം.കെ., രാജു, വി.കെ. രാജപ്പൻ എന്നിവർ പങ്കെടുത്തു.
Comments ()