വൈക്കം ഉപജില്ലാ ശാസ്ത്ര കലോത്സവം സമാപിച്ചു; വല്ലകം സെന്റ് മേരീസ് എച്ച്.എസ്.എസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
വൈക്കം: വല്ലകം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വൈക്കം ഉപജില്ലാ ശാസ്ത്ര കലോത്സവം സമാപിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അദ്ധ്യക്ഷത വഹിച്ചു. രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരച്ച ശാസ്ത്രോൽവത്തിൽ പ്രവൃത്തിപരിചയം, സയൻസ്, സാമൂഹിക ശാസ്ത്രം, ഗണിതശാസ്ത്രം ഐ.ടി., ശാസ്ത്രകല എന്നീ വിഭാഗങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി മത്സരം നടന്നത്. വിദ്യാർത്ഥികളുടെ ശാസ്ത്രപ്രതിഭ തെളിയിക്കുന്ന നിരവധി നൂതന ആശയങ്ങളുടെ ദൃശ്യാവിഷ്ക്കരണം ശാസ്ത്രോൽസവത്തിന് തിളക്കമേകി. ശാസ്ത്രോത്സവത്തിൽ വൈക്കം ഉപജില്ലാ ഓവറോൾ ജേതാക്കളായി വല്ലകം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.

പ്രവൃത്തിപരിചയത്തിന് ബ്രഹ്മമംഗലം വി.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. സാമൂഹിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വല്ലകം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്. ഐ.ടി വിഭാഗത്തിൽ കുലശേഖരമംഗലം ഗവ. ഹൈസ്കൂൾ ഒന്നാം സ്ഥാനവും, സെൻ്റ് മേരീസ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും, സയൻസ് വിഭാഗത്തിൽ സെൻ്റ് മേരീസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും, തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.കെ. രാജേഷ്, വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. രഞ്ജിത്ത്. ജോർജ് വർഗ്ഗീസ്, ഡെയ്സി, സാബു വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം എ.ഇ.ഒ കെ.സി ദീപ സമ്മാനദാനം നടത്തി.
Comments ()