സ്ഥലമെടുപ്പ് പ്രതിസന്ധി വികസനത്തെ ബാധിക്കുമെന്ന് മന്ത്രി പി.കെ. ബഷീർ: കൊതവറ പാലം നിർമ്മാണോദ്ഘാടനം നിർവഹിച്ചു
വൈക്കം: ഉല്ലല -കൊതവറ റോഡിൽ പണിയുന്ന കോതവറ പാലം നിർമ്മാണം പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ ഉദ്ഘാടനം ചെയ്തു. ഇടതു സർക്കാരിൻ്റെ കാലത്ത് അനുവദിച്ച മൂന്നേകാൽ കോടി രൂപ മുടക്കിയാണ് ഇവിടെ പുതിയ പാലം നിർമ്മിക്കുന്നത്. പാടെ തകർന്ന് അപകട നിലയിലായ പാലത്തിലൂടെ വർഷങ്ങളായി ജീവൻ കയ്യിൽ പിടിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലായിരുന്നു നാട്ടുകാർ. എന്നാൽ ചില മുന്നറിയിപ്പ് നൽകിയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ നിർമ്മാണ ഉദ്ഘാടനം നടത്തിയത്.
കേരളത്തിൽ സ്ഥലമെടുപ്പാണ് ഏറ്റവും വലിയ പ്രശ്നമെന്നും ഇതുമൂലം കഴിഞ്ഞ സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ കരാറുകാർക്ക് കോടികളുടെ നഷ്ടപരിഹാരം കൊടുക്കേണ്ട സ്ഥിതിയാണ് എന്നും മന്ത്രി പറഞ്ഞു. യു.ഡി.എഫ് സർക്കാരിൻ്റെ തീരുമാനം അനുസരിച്ച് സർക്കാർ നിശ്ചയിക്കുന്ന വിലയിൽ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായാൽ മാത്രമേ വികസന പ്രവർത്തനങ്ങൾ നാട്ടിൽ ഉണ്ടാകുവെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പണം കയ്യിൽ കിട്ടിയാൽ മാത്രമേ സ്ഥലം കൊടുക്കൂ എന്ന നിലപാടെടുത്താൽ വികസനം അടുത്ത കാലത്തൊന്നും ഉണ്ടാവില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇറിഗേഷൻ വകുപ്പിന്റെ മാനദണ്ഡപ്രകാരം കനാലുകൾക്ക് കുറുകെയുള്ള കൊതവറ പാലമടക്കമുള്ള നിശ്ചിത ഉയരത്തിലെ നിർമ്മിക്കാൻ കഴിയൂ. ഉയരം കൂടുമ്പോൾ അപ്രോച്ച് റോഡിനായും സ്ഥലം കൂടുതൽ വേണ്ടിവരുമെന്ന മുന്നറിയിപ്പും മന്ത്രി നൽകി. എന്നാൽ ഈ വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇറിഗേഷൻ വകുപ്പും എം.എൽ.എയും എം.പിയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.

നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ കെ ബിനിമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തുകളും നാട്ടുകാരും സ്ഥലം നൽകിയാൽ എവിടെ വേണമെങ്കിലും സർക്കാർ പാലം പണിത് നൽകുമെന്നു കൂട്ടി പറഞ്ഞാണ് മന്ത്രി ഉത്ഘാടനം നടത്തി മടങ്ങിയത്. ചടങ്ങിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശശികുമാർ, തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് ലിജി സലഞ്ച് രാജ്, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ജെ സെബാസ്റ്റ്യൻ, ഹൈമി ബോബി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുശീലകുമാരി, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സാജൻ, പി.കെ ആശ, ആശ ഭാനുപ്രിയ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി പോപ്പി തുടങ്ങിയവരും മറ്റു രാഷ്ട്രീയ കക്ഷി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ സൂപ്രണ്ട് ഐ. റംല ബീവി, കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.ജി. റാണി വിജയലക്ഷ്മി, കോട്ടയം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ സന്തോഷ് കുമാർ എന്നീ ഉദ്യോഗസ്ഥരും യോഗത്തിനെത്തിയിരുന്നു.
Comments ()