ചെയർമാന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ വൈക്കം നഗരസഭയിൽ പ്രതിഷേധം പുകയുന്നു
വൈക്കം: നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഏകാധിപതിയെപോലെ പെരുമാറുന്നു എന്ന ആക്ഷേപം ശക്തമാവുന്നു. ചെയർമാൻ നഗരസഭ അംഗങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാനൊ പരിഗണിക്കാനൊ തയ്യാറാകാതെ ഏകാധിപത്യ സ്വഭാവത്തോടെ ഭരണം നടത്തുന്നുവെന്നാണ് ആക്ഷേപം.
നഗരസഭ വിഷയങ്ങളിൽ സി.പി.ഐ - നിലപാടിനെ തള്ളി സി.പി.എം രംഗത്ത് വന്നെങ്കിലും ചെയർമാൻ അടുത്തിടെ ഏകാധിപത്യ പ്രവണത കാണിക്കുന്നുവെന്ന് തന്നെയാണ് സി.പി.എമ്മിൻ്റേയും നിലപാട്. തൻ്റെ തീരുമാനങ്ങളെ കൗൺസിൽ യോഗത്തിൽ ചോദ്യം ചെയ്താൽ കൗൺസിൽ പിരിച്ച് വിട്ട് ധാഷ്ട്യത്തോടെയുള്ള നടപടിയാണ് ചെയർമാൻ അബ്ദുൾ സലാം റാവുത്തറിൻ്റേത് എന്നാണ് ആക്ഷേപം ഉയരുന്നത്. ചെയർമാന്റെ നിലപാടുകൾ വിവാദങ്ങൾക്കിടയായതോടെയാണ് വൈക്കം വാർത്ത നഗരസഭ അംഗങ്ങളുടെ പ്രതികരണം തേടിയത്. എന്നാൽ പല ഭരണപക്ഷ നഗരസഭ അംഗങ്ങളും സി.പി.ഐയിലെ പാർലമെൻററി പാർട്ടി നേതാവൊഴികെയുള്ള അംഗങ്ങളും പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. എന്നാൽ സി.പി.ഐ നഗരസഭ പാർലമെൻ്ററി പാർട്ടിനേതാവായ ഡി. രജിത്ത് കുമാറിൽ നിന്ന് രൂക്ഷമായ വിമർശനമാണ് ഉണ്ടായത്. എന്നാൽ കോൺഗ്രസ് അംഗം ബി. രാജശേഖൻ ചെയർമാനൊപ്പമാണ്.

അതേസമയം സി.പി.എം സ്വതന്ത്രനായി മത്സരിച്ച് ജയിച്ച അനിൽകുമാറിനും ചെയർമാൻ്റെ നിലപാടിനോട് യോജിപ്പില്ല. ബി.ജെ.പി വിമതയായി ജയിച്ച ഗിരിജാകുമാരിയും ബി.ജെ.പി അംഗം അനീഷും ചെയർമാൻ ഏകാധിപത്യഭരണം നടത്തുന്നു എന്നുതന്നെയാണ് പറയുന്നത്. ഏകാധിപത്യമെന്നാണല്ലൊ അക്ഷേപം എന്ന ചോദ്യ ത്തോട് ചെയർമാനും പ്രതികരിച്ചു. ഭരണപരമായ വിഷയങ്ങൾ എല്ലാം സ്റ്റിയറിങ് കമ്മിറ്റിയിൽ അടക്കം ചർച്ച ചെയ്ത് കക്ഷിനേതാക്കളോട് ചർച്ച ചെയ്യേണ്ട വിഷയവും ചർച്ച ചെയ്ത ശേഷമാണ് കൗൺസിലിൽ വരുന്നതെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ച് എല്ലാവരേയും പരിഗണിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നായിരുന്നു ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ പ്രതികരണം. എല്ലാ വിവരങ്ങളും അംഗങ്ങൾ ഉൾപ്പെട്ട വാട്ട്സാപ്പ് ഗ്രൂപ്പിലും അറിയിക്കാറുണ്ടെന്നുമായിരുന്നു ചെയർമാൻ പ്രതികരിച്ചത്. ഏകാധിപത്യ വിവാദം ഇങ്ങനെ ഉയരുമ്പോൾഒരു ഇടതുപക്ഷ പാർട്ടിയുടെ പ്രവർത്തനം ബി.ജെ.പിയുടെ തോളിൽ കയ്യിട്ടാണ് എന്നാണ് പിന്നാമ്പുറ സംസാരം ഉയരുന്നത്.
Comments ()