മാനാപ്പള്ളിയിൽ ആമ്പൽ വസന്തം: കാഴ്ച കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു
ഉദയനാപുരം പഞ്ചായത്തിലെ മാനാപ്പള്ളി ആമ്പൽ വസന്തം കാണുന്നതിന് സഞ്ചാരികളുടെ തിരക്കേറുന്നു. നാടിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നു മാത്രമല്ല വിദേശങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ എത്തി തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡണ്ട് കെജി രാജു അറിയിച്ചു. പ്രകൃതി ഭംഗി കൊണ്ടു അനുഗ്രഹീതമായ പ്രദേശത്ത് വിനോദ സഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത്.

നിലവിൽ സഞ്ചാരികൾക്കായി ആമ്പൽ പാടത്ത് ആവശ്യത്തിന് വള്ളങ്ങൾ തയ്യാക്കിയിട്ടുണ്ട്. രാവിലെ 10 മണി വരെയാണ് ആമ്പൽ വിരിഞ്ഞു നിൽക്കുന്ന മനോഹര കാഴ്ച കാണാനാകുന്നത്. വെയിലേറുന്നതോടെ കൂമ്പിയടയും. വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു,വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, സെക്രട്ടറി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും സ്ഥലത്ത് എത്തുന്നുണ്ട്. വൈക്കത്ത് നിന്ന് കിഴക്കേ നടയിലുടെ വാഴമന പാലത്തിന് സമീപത്തെ കലുങ്ക് പാലം കയറി വലത്തോട്ട് പോയാൽ ആമ്പൽ പാടത്ത് എത്താം. തലയോലപറമ്പിൽ നിന്ന് വാഴമന വൈക്കം റോഡ് വഴി പാലം ഇറങ്ങി ഇടതു ഭാഗത്തെ കലുങ്ക് പാലം കയറി ആമ്പൽ കാഴ്ചകാണാൻ എത്താനാകും. തിരക്കേറിയതോടെ പ്രദേശത്ത് ദിശാബോർഡുകളടക്കം സ്ഥാപിച്ച് കൂടതൽ ക്രമീകരണങ്ങൾ സഞ്ചാരികൾക്കായി ഒരുക്കാനുള്ള നീക്കത്തിലാണ് പഞ്ചായത്ത്.
Comments ()