അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം
എസ്. സതീഷ്കുമാർ
വൈക്കം: മത്സ്യ തൊഴിലാളി ഹെഡറേഷൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ വൈക്കത്ത് പ്രതിഷേധ സംഗമം നടന്നു. മത്സ്യ തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പമ്പുകളിൽ നിന്നും പെട്രോൾ നൽകുക, വേമ്പനാട്ടുകായലിലെ പോള പായൽ നിർമാർജജനം ചെയ്യുക, മത്സ്യബന്ധന ഉപകരണങ്ങൾക്കും, വള്ളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചാൽ ഹിഷറിസ് വകുപ്പ് സാമ്പത്തിക സഹായം നൽകുക, വേമ്പനാട്ടുകായലിലെ അനധികൃത മണൽ ഖനനം അവസാനിപ്പിക്കുക, തണ്ണീർമുക്കം ബണ്ട് ഒരു വർഷക്കാലം തുറന്നിടുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം നടത്തിയത്.
എ.ഐ.ടി.യു.സി ചെമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ചെമ്പ് മത്തുങ്കൽ കായിപ്പുറം വള്ള കടവിൽ പ്രതിഷേധ സംഗമം നടന്നത്. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡി. ബാബു, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.എസ് രത്നാകരൻ, സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എം.എ സലാം, വാർഡ് പഞ്ചായത്ത് അംഗം ദീപു പുരുഷന, എൻ.വി റെജിമോൻ, എം.കെ ഉത്തമൻ, ആർ. ഗോപി, കെ. ശശിധരൻ, ടി.കെ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ പെട്രോൾ ക്യാനുകളിൽ നൽകാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രിക്കും, ഗവർണറുടെ നയപ്രഖ്യാപനത്തിൽ തീരദേശ മേഖലയി പ്രഖ്യാപിച്ച പദ്ധതികൾ തീരദേശ മേഖലയ്ക്കും മത്സ്യത്തൊഴിലാളികൾക്കും ഭീഷണി ഉയർത്തുന്നതാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും മത്സ്യത്തൊഴിലാളികൾ ഒപ്പിട്ട നിവേദനം നൽകാനും തീരുമാനിച്ചു.
Comments ()