അഷ്ടമി; അവലോകന യോഗം ചേർന്നു
വൈക്കം: വൈക്കത്തഷ്ടമിക്ക് മുന്നോടിയായി നഗരത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്താൻ സർക്കാർ തല യോഗം വൈക്കത്ത് നടന്നു. കെ. ബിനിമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് നേതൃത്വവും പങ്കെടുത്തു.
അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിൻ്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട അടിയന്തര നടപടികൾക്ക് താമസം ഉണ്ടാകുന്നതിനെതിരെ വിമർശനം ഉയർന്നു. ദേവസ്വം പൊതുമരാമത്ത് വിഭാഗത്തിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടാകുന്നതായും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി. ഉത്സവ ചടങ്ങുകൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും ക്ഷേത്രം പെയിൻ്റ് ചെയ്ത് വൃത്തിയാക്കുന്നതിനുള്ള നടപടികൾ പോലും ഉണ്ടായില്ലെന്നാണ് വിമർശനം. കോടതി ഉത്തരവ് വരെ ഉണ്ടായിട്ടും കിഴക്കേനട കൃഷ്ണൻ കോവിൽ റോഡ് നന്നാക്കാൻ കാലതാമസം ഉണ്ടായതിനെതിരെയും ദേവസ്വം ബോർഡിനെതിരെ വിമർശനം ഉയർന്നു. റോഡിന് ടെൻഡർ അനുമതിയായെന്നും ഉടൻ തന്നെ ടെൻഡർ നൽകി റോഡ് നന്നാക്കാൻ നടപടിയെടുക്കണമെന്നും എം.എൽ.എ ദേവസ്വം അധികൃതരോട് നിർദ്ദേശിച്ചു. ക്രമസമാധാന പാലനത്തിന് സഹായകരമാകുന്ന വിധത്തിൽ നഗരത്തിലെ സി.സി.ടി.വി ക്യാമറകൾ നന്നാക്കണമെന്നും ഹൈമാസ്സ് ലൈറ്റുകൾ കത്തിക്കാൻ നടപടിയെടുക്കണമെന്നും പൊലീസിന്റെ ഭാഗത്തുനിന്നും ആവശ്യമുയർന്നു. എന്നാൽ ഡി.വൈ.എസ്.പി ഓഫീസിൻ്റെ മുമ്പിലടക്കമുള്ള സി.സി.ടി.വി ക്യാമറകൾ മോഷണം പോയതായും ഈ വിവരം നഗരസഭയെ അറിയിക്കാനോ നടപടിയെടുക്കാനൊ പൊലീസ് തയ്യാറായില്ലെന്നും നഗരസഭ ചെയർമാൻ കെ.ജി. അബ്ദുൾ സലാം റാവുത്തർ കുറ്റപ്പെടുത്തി. ശുദ്ധജലവിതരണം തടസ്സപ്പെടാതിരിക്കാൻ പമ്പിംഗിന് വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാനുള്ള നടപടിയെടുക്കണമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് വൈക്കത്ത് അഷ്ടമിക്ക് മുന്നോടിയായി റോഡുകൾ നന്നാക്കാൻ നടപടിയെടുത്ത് അഭിനന്ദനാർഹമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് എം.എൽ.എ പറഞ്ഞു.

എന്നാൽ നേരെകടവ് മാക്കേകടവ് പാലം തുറക്കുന്നതോടെ അഷ്ടമിക്കാലത്ത് ഉദയനാപുരം റോഡിൽ തിരക്കേറുമെന്നും പാലത്തിൽ നിന്നും ഉദയനാപുരത്തേക്കുള്ള റോഡ് നന്നാക്കാൻ നടപടി വേണമെന്നും ആവശ്യം ഉയർന്നെങ്കിലും വ്യക്തമായ തീരുമാനം ഉണ്ടായില്ല. വൈക്കം വെച്ചൂർ റോഡ് അടുത്തയാഴ്ച ടാറിംഗ് നടത്തുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. അഷ്ടമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാപാരി വ്യവസായ ഏകോപന സമിതിയുമായി കൂടിയാലോചന നടത്താതെയാണ് താൽക്കാലികമായ കടകൾ സ്ഥാപിക്കാൻ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത് എന്ന വിമർശനവും ഉയർന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അഷ്ടമി ഒരുക്കങ്ങൾക്കായി നടത്തിയ ക്രമീകരണങ്ങൾ യോഗത്തിൽ വിശദീകരിച്ചു. പോരായ്മകൾ പരിഹരിക്കാൻ വകുപ്പു ഉദ്യോഗസ്ഥന്മാർ മാത്രമായി പ്രത്യേക യോഗം വിളിക്കുമെന്നും സർക്കാർ ഇടപെടേണ്ട കാര്യങ്ങൾ അറിയിക്കണമെന്നും എം.എൽ.എ അറിയിച്ചു. കഴിഞ്ഞവർഷം ചെയ്തതുപോലുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡ് അഷ്ടമി ഉത്സവത്തിനായി ഒരുക്കുമെന്ന് ദേവസം ഡെപ്യൂട്ടി കമ്മീഷണർ യോഗത്തെ അറിയിച്ചു. പാലാ ആർ.ഡി.ഒ ഷാഹിനാ രാമകൃഷ്ണനും യോഗത്തിൽ പങ്കെടുത്തു.
Comments ()