പകർച്ചവ്യാധികൾക്കെതിരെ വെച്ചൂർ പഞ്ചായത്ത്; എല്ലാ വാർഡുകളിലേക്കും അപരാജിത ചൂർണ്ണം വിതരണം ചെയ്തു
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിൽ മഴക്കാല രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവ പ്രതിരോധിക്കാൻ അപരാജിത ചൂർണ്ണം വിതരണം ചെയ്തു. പഞ്ചായത്തിലെ 14 വാർഡുകളിലേയ്ക്കുമുള്ള അപരാജിത ചൂർണ്ണം വിതരണത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഭിഷേക് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. അന്തരീക്ഷത്തിലെ ബാക്ടീരിയ, ഫംഗസ്, തുടങ്ങിയ സൂഷ്മ ജീവികളുടെ സാന്ദ്രത കുറയ്ക്കാന്‍ അപരാജിത പൂർണ്ണത്തിന് കഴിയുമെന്നും ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികള്‍ പടരുന്ന മഴക്കാലത്ത് കൊതുകുകളെ തുരത്താനും ഈ ചൂർണ്ണം പുകക്കുന്നതിലൂടെ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അജി പറഞ്ഞു. മൺപാത്രത്തിലോ ചിരട്ടയിലോ കനലിട്ട് വെളുത്തുള്ളി, മഞ്ഞള്‍, കടുക്, കുന്തിരിക്കം, വേപ്പ് എന്നിവയുടെ ലഭ്യതയനുസരിച്ച് ചൂർണ്ണത്തിനൊപ്പം കൂടെ പുകയ്ക്കണം. പഞ്ചായത്തിലെ വാർഷിക പദ്ധതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതിയിലൂടെയാണ് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും ചൂർണ്ണം വിതരണം ചെയ്യുന്നത്.

ജൂണ്‍ 30 ന് വൈകുന്നേരം 5 മണിക്കാണ് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളും ധൂപം പുകയ്ക്കുന്നതിന് സമയം നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഗീത ചടങ്ങിൽ സ്വാഗതം പറഞ്ഞു. വിതരണ ഉദ്ഘാടന പരിപാടിയില്‍ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥയായ ഡോ. നിലീന, പഞ്ചായത്ത് അംഗങ്ങളായ എസ്. മനോജ്കുമാര്‍, മോഹൻ ദാസ് വെച്ചൂര്‍, ശ്രീദേവി, പി.ആർ രജീഷ് തുടങ്ങി മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments ()