Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വൈക്കം ചന്ദ്രശേഖരന്‍ നായര്‍ മലയാള സര്‍ഗാത്മകതയെ സ്വാധീനിച്ച എഴുത്തുകാരൻ: ആലങ്കോട് ലീലാകൃഷ്ണൻ

വൈക്കം ചന്ദ്രശേഖരന്‍ നായര്‍ മലയാള സര്‍ഗാത്മകതയെ സ്വാധീനിച്ച എഴുത്തുകാരൻ: ആലങ്കോട് ലീലാകൃഷ്ണൻ
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യ പുരസ്‌കാരദാന സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഒരു കാലഘട്ടത്തില്‍ മലയാള സര്‍ഗാത്മകതയെ സ്വാധീനിച്ച പത്ര-മാസികകളിലെ പ്രധാന എഴുത്തുകാരനായിരുന്നു വൈക്കം ചന്ദ്രശേഖരന്‍ നായര്‍. പല തൂലികാനാമങ്ങളില്‍ എഴുത്തിന്റെ മേഖലകളില്‍ വ്യാപരിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹമെന്നും കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. യുവകലാസാഹിതി യു.എ.ഇ ഷാര്‍ജ ഘടകവും വൈക്കം മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവകലാസാഹിതി യു.എ.ഇ ഷാര്‍ജ ഘടകവും വൈക്കം മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരം കവി പ്രഭാവര്‍മ ഡോ. ഷീജ വക്കത്തിന് നല്‍കുന്നു

ധനമാണ് എക്കാലത്തെയും മനുഷ്യരാശിയുടെ പ്രശ്‌നമെന്ന ചരിത്രസത്യം വൈക്കം എപ്പോഴും ഓര്‍മിപ്പിക്കുമായിരുന്നു. കാള്‍ മാര്‍ക്‌സിന്റെ മൂലധന സിദ്ധാന്തം അദ്ദേഹത്തെ അത്രയേറെ സ്വാധീനിച്ചിരുന്നു. പ്രണയവും സമരവും മലയാളിയുടെ എക്കാലത്തെയും ഊര്‍ജ്ജസ്രോതസ്സുകളായിരുന്നു. നവോത്ഥാന പോരാട്ടങ്ങളിലടക്കം ഇവയുടെ സ്വാധീനം ദൃശ്യമാണ് എന്നും ആലങ്കോട് കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന സമ്മേളനത്തില്‍ കവി പ്രഭാവര്‍മ ഡോ. ഷീജ വക്കത്തിന് വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം സമ്മാനിച്ചു. ഡോ. ഷീജ വക്കത്തിന്റെ 'ഊരുക്കു പോകലാം കണ്ണേ' എന്ന കാവ്യസമാഹാരത്തിനാണ് ഇത്തവണത്തെ അവാര്‍ഡ്.
ഒരു വ്യക്തിയോടൊപ്പം ഒരു കാലംകൂടി കടന്നുവരുകയെന്നത് അത്യപൂര്‍വമാണെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കവി പ്രഭാവര്‍മ പറഞ്ഞു. കാലം ഏല്‍പിക്കുന്ന ധര്‍മ്മം ഭംഗിയായി നിര്‍വഹിക്കുന്നതു കൊണ്ടാണ് ചിലര്‍ അങ്ങനെ അനുസ്മരിക്കപ്പെടന്നത്. ആ ഗണത്തില്‍പെട്ടവരാണ് വയലാറും, ഒ.എന്‍.വിയും, ചന്ദ്രശേഖരന്‍ നായരുമെല്ലാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അരവിന്ദന്‍ കെ.എസ്. മംഗലം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പുത്രി വത്സല പ്രഭാഷണം നടത്തി. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബിനു, വനിതാ കലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹന്‍, യുവകലാസാഹിതി സംസ്ഥാന എക്സി. അംഗം സാംജി ടിവി പുരം, ജില്ലാ സെക്രട്ടറി ആര്‍. സുരേഷ്, മണ്ഡലം സെക്രട്ടറി ശ്രീലത വര്‍മ, ഷാര്‍ജ പ്രതിനിധി പ്രതീഷ് ചിതറ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി എന്‍. അനില്‍ ബിശ്വാസ്, അനഘ കോലത്ത്, ഡോ. എസ്. പ്രിയ, ഷീജ വക്കം, സലിം മുല്ലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ഗാനരചയിതാവ് മുരളി വാഴമനയെ സമ്മേളനത്തില്‍ ആദരിച്ചു. തുടര്‍ന്ന് കാലടി പാര്‍വേ മലയാള നാടകവേദിയുടെ ആത്മബലി എന്ന നാടകം അരങ്ങേറി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും