മനംകവരും മലബാർ പറക്കും തവള: പശ്ചിമഘട്ടത്തിലെ സുന്ദരൻ വൈക്കത്തുമെത്തി
എസ്. സതീഷ്കുമാർ
വൈക്കം: തിളങ്ങുന്ന പച്ച നിറം. വയറിന്റെ വശങ്ങളിലും കാൽവിരലുകൾക്കിടയിലും ചുവപ്പും മഞ്ഞയും. കാൽവിരലിന്റെ അറ്റം മഞ്ഞ. വെള്ളി പോലെ തിളങ്ങുന്ന കണ്ണ്, തിരശ്ചീനമായ കൃഷ്ണമണി. കാൽവിരലുകൾക്കിടയിൽ വലിയ ജാലികകൾ ഉണ്ട്. ഇവനാണ് പറക്കും തവള. ശാസ്ത്രീയ നാമം Rhacophorus malabaricus. അത്യപൂർവ്വം ഒന്നുമല്ല ഈ കാഴ്ച. എന്നാൽ വൈക്കം പോലുള്ള സ്ഥലത്ത് അപൂർവ്വമാണ്. പശ്ചിമഘട്ടങ്ങളിൽ മാത്രം കാണുന്ന ഇനം തവളയാണ് ഈ പറക്കും തവള. എന്നാൽ ഇവൻ വൈക്കത്തും എത്തും. പറന്നല്ലെന്നു മാത്രം. വൈക്കം വൈപ്പിൻ പടിക്ക് സമീപം ഒരു വീട്ടിൽ കഴിഞ്ഞദിവസം എത്തിയതാണ് ഈ വിരുന്നുകാരൻ. വിഷമൊന്നുമില്ല അപകടകാരിയും അല്ല. കാണാൻ സുന്ദരൻ ആയതുകൊണ്ട് കാഴ്ചയ്ക്ക് കൗതുകമാണ്. എന്നാൽ പശ്ചിമഘട്ടം കേരളത്തിലെ മലയോര ജില്ലകൾ ആയ വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിലെ കാടുകളിലും തോട്ടങ്ങളിലും ഇവയെ കാണാറുണ്ട്.

മഴക്കാടുകൾ, നല്ല ഈർപ്പവും മരങ്ങളും ഉള്ള സ്ഥലങ്ങളിലും റബ്ബർ തോട്ടം, കാപ്പി തോട്ടം, കാടിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലും കാണാൻ കഴിയും. മരത്തിൽ നിന്ന് മരത്തിലേക്ക് 10 മുതൽ 12 മീറ്റർ വരെ ഗ്ലൈഡ് ചെയ്ത് ചാടാൻ ഇവന് കഴിയും. അതുകൊണ്ടാണ് "പറക്കും തവള" എന്ന് വിളിക്കുന്നത്. കേരളത്തിലും കർണാടകയിലും മഴക്കാടുകളിൽ സാധാരണയാണ്. രാത്രിഞ്ചരനാണ് കക്ഷി. പകൽ ഇലകളിൽ പറ്റിപ്പിടിച്ച് ഉറങ്ങും. മഴക്കാലത്താണ് കൂടുതൽ കാണുക. മഴ തുടങ്ങിയതായിരിക്കും ഇവനെ ഇവിടെ കാണാൻ കാരണം. സാധാരണ കാണുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെ മഴക്കാലത്താണ്. നല്ല മരങ്ങൾ നിറഞ്ഞ പറമ്പ് ഉളള വീട്ടിൽ വലിയ മരങ്ങൾ, റബ്ബർ, ജാതി തോട്ടങ്ങൾ, കുളം ഇവ ഉണ്ടെങ്കിൽ വരാൻ സാധ്യതയുണ്ട്. ഈർപ്പം കൂടിയ സ്ഥലത്തിൻ്റെ ഇഷ്ടക്കാരനാണ് രാത്രിയിൽ "ടക് ടക്" എന്ന ശബ്ദം ഉണ്ടാക്കും. ഇലകളിൽ നുരയും മുട്ടയും ചേർത്ത് കൂടുണ്ടാക്കും. മഴവെള്ളത്തിൽ നുര അലിഞ്ഞ് വാൽമാക്രികൾ താഴെയുള്ള വെള്ളത്തിലേക്ക് വീഴും.വരണ്ട സ്ഥലങ്ങൾ പാലക്കാട് സമതലങ്ങൾ, ആലപ്പുഴ കായലോരങ്ങൾ ഇവിടെയൊന്നും ഇവനെ കാണില്ല. ചുരുക്കത്തിൽ പറഞ്ഞാൽ ഇവനെ കണ്ടാൽ അവിടെ പരിസ്ഥിതി സംരക്ഷിക്കപ്പെടുന്ന സ്ഥലം എന്നാണ് സൂചന.
Comments ()