കായലിലെ ജലനിരപ്പ് താഴുന്നു: ബോട്ട് സർവ്വീസ് ദുഷ്കരം
വൈക്കം: വേമ്പനാട്ട് കായലിലെ ജലനിരപ്പ് താഴുന്നു. ബോട്ട് സർവ്വീസ് ദുഷ്കരമായി. കായലിലെ ജലനിരപ്പ് അമിതമായി താഴുന്നത് വൈക്കം - തവണക്കടവ് ബോട്ട് സർവ്വീസിനെ പ്രതികൂലമായി ബാധിക്കുകുകയാണ്. ബോട്ടുകൾ സർവ്വീസ് നടത്തുന്ന കായലിൻ്റെ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് താഴ്ന്ന് മൺതിട്ടകൾ രൂപപ്പെടുന്നു. ഈ മൺതിട്ടകളിൽ തട്ടി ബോട്ടുകളുടെ യന്ത്രഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുക പതിവായി. ഇത് അപകടങ്ങൾക്ക് സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അടിയന്തിരമായി മൺതിട്ടകൾ ഡ്രജ്ജ് ചെയ്ത് നീക്കി ബോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. ദിവസേന നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വൈക്കം - തവണക്കടവ് ബോട്ട് സർവ്വീസ് സുരക്ഷിതവും സുഗമവുമാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സുരേഷ്ബാബു ആവശ്യപ്പെട്ടു.