കരിയാർ സ്പിൽവേയിൽ അടിഞ്ഞ പുൽക്കെട്ടുകൾ നീക്കം ചെയ്തു
വൈക്കം: കരിയാർ സ്പിൽവേ കം ബ്രിഡ്ജിന് താഴെ നീരൊഴുക്ക് തടസപ്പെടുത്തുന്ന വിധത്തിൽ വളർന്ന് തിങ്ങിയ പുല്ലും പായലും കളകളും നീക്കി നീരൊഴുക്ക് സാധ്യമാക്കി. ടി.വി. പുരം, തലയാഴം പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന കരിയാർ വേമ്പനാട്ടുകായലുമായി ചേരുന്നതിന് സമീപമാണ് കരിയാർ സ്പിൽവേ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ പുല്ലും പായലും കളകളും വളർന്നു തിങ്ങിയതോടെ നീരൊഴുക്ക് തടസപ്പെട്ടിരുന്നതാണ് ഒഴിവാക്കിയത്.
മഴ കനത്തതിനെ തുടർന്ന് കരിയാർ കരകവിഞ്ഞ് ടി.വി. പുരം മൂത്തേടത്തുകാവ്, അപ്പയ്ക്കൽ, കോട്ടച്ചിറ തുടങ്ങിയ സ്ഥലങ്ങളിലും തലയാഴത്തെ തോട്ടകം, മാരാംവീട്, അമ്പാനപ്പള്ളി, കൊതവറ തുടങ്ങിയ സ്ഥലങ്ങളിലും വീടുകളിൽ വെള്ളം കയറിയിരുന്നു. കഴിഞ്ഞ ദിവസം ഇറിഗേഷൻ എഞ്ചിനിയറുടെ നിർദ്ദേശത്തെ തുടർന്ന് പുല്ലും പോളയും നീക്കാൻ ശ്രമം നടത്തിയെങ്കിലും കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ കൂടുതൽ മാലിന്യങ്ങൾ അടിഞ്ഞത് വീണ്ടും പ്രതിസന്ധിയായിരുന്നു.

ദുരന്തഭീതി ഒഴിവാക്കാൻ തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് ലിജി സലഞ്ചരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹൈമി ബോബി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുശീല കുമാരി എന്നിവരുടെ നേതൃത്വത്തി പഞ്ചായത്ത് അംഗങ്ങളായ റെജിമോൻ, ബാബു പെരുമാശേരി, നോമി തോമസ്, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രദേശവാസികളുടെ സഹായത്തോടെ വള്ളത്തിലെത്തി പുല്ലും മാലിന്യങ്ങളും നീക്കിയത്.
Comments ()