Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗത്തിന്റെ ഒറ്റയാൻ സമരം

എസ്. സതീഷ്കുമാർ

കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗത്തിന്റെ ഒറ്റയാൻ സമരം
വൈക്കത്തെ വാട്ടർ അതോറിറ്റി ഓഫീസിൽ വെച്ചൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം കെ.എൽ സുരേഷ് കുമാർ നടത്തിയ പ്രതിഷേധം

വൈക്കം: നാട്ടിൽ കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗത്തിന്റെ ഒറ്റയാൻ പ്രതിഷേധം. വൈക്കത്തെ വാട്ടർ അതോറിറ്റി ഓഫീസിലാണ് വെച്ചൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം കെ.എൽ സുരേഷ് കുമാർ വാട്ടർ അതോറിറ്റി എ.ഇ ഓഫീസിനു മുമ്പിൽ പ്രതിഷേധവുമായെത്തിയത്.

0:00
/1:50

രണ്ടാഴ്ചയായി വെച്ചൂരിലെ ഉൾപ്രദേശങ്ങളിൽ കുടിവെള്ളം എത്തിയിട്ടില്ല എന്നാണ് പരാതി. ശാസ്തകുളം, അംബിക മാർക്കറ്റ്, മഞ്ചാടിക്കരി, മറ്റം, ഈട്ടുംപുറം മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്. പ്രദേശത്തെ തോടുകളിൽ പായൽ അടക്കമുള്ള മാലിന്യം അഴുകി ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്. കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങിയതോടെ തോട്ടിലെ വെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. നിരവധിതവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു പഞ്ചായത്ത് അംഗത്തിൻ്റെ ഈ ഒറ്റയാൻ സമരം. ദാഹജലം തരൂ, വാട്ടർ അതോറിറ്റി നീതി പാലിക്കുക എന്ന ബോർഡുമായാണ് സുരേഷ്കുമാർ എ.ഇ ഓഫീസിന് മുമ്പിൽ ഇരുപ്പ് ഉറപ്പിച്ചത്. വെച്ചൂർ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം ആവശ്യപ്പെട്ടിട്ടും വാട്ടർ അതോറിറ്റി കുടിവെള്ളം എത്തിക്കാൻ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. വൈക്കത്തിൻ്റെ അതിർത്തി പ്രദേശങ്ങളിൽ കുടിവെള്ളം എത്താത്തത് വേണ്ടത്ര പ്രഷർ ഇല്ലാത്തതിനാലാണ് എന്നാണ് ഉദ്യോഗസ്ഥ വിശദീകരണം. വിതരണ സംവിധാനം ആധുനികവൽക്കരിച്ച് അയ്യരുകുളങ്ങരയിലെ വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് ട്രീറ്റ്മെൻറ് പ്ലാൻറ് അടക്കം സ്ഥാപിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവു എന്നും കഴിയുന്നത്ര ശ്രമിച്ച് വെള്ളം എത്തിക്കാൻ നടപടിയെടുക്കുന്നുണ്ടെന്നുമാണ് വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും