|
Loading Weather...
Follow Us:
BREAKING

മാലിന്യ നിർമ്മാർജ്ജന പദ്ധതികളുമായി നഗരസഭ

മാലിന്യ നിർമ്മാർജ്ജന പദ്ധതികളുമായി  നഗരസഭ

വൈക്കം:  നഗരസഭയുടെ വിവിധ മേഖലകളിൽ മാലിന്യ നിർമ്മാർജ്ജനമുൾപ്പെടെ ഒട്ടനവധി വികസന പദ്ധതികളാണ് വൈക്കം നഗരസഭയുടെ പുതിയ ഭരണസമിതി നടപ്പിലാക്കുവാൻ പോകുന്നതെന്ന് ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അറിയിച്ചു. അതിന്റെ പ്രാരംഭ നടപടിയായി കഴിഞ്ഞ 9ാം തീയതി ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൻ്റെ തീരുമാനപ്രകാരം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി  അന്ധകാരത്തോടുൾപ്പെടെ നഗരത്തിലെ മാലിന്യം നിറഞ്ഞു കിടക്കുന്ന വിവിധ തോടുകൾ മാലിന്യമുക്തമാക്കുന്ന പ്രവൃത്തികൾ ഉടൻ തന്നെ ആരംഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഉത്തരവു പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള സ്പെഷ്യൽ ടീമിൻ്റെ ശുചീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പെഷ്യൽ ടീമിൻ്റെ പരിശോധയിൽ കെ.വി. കനാൽ, അന്ധകാരതോട് എന്നിവടങ്ങളിൽ കോളിഫോം ബാക്ടീരിയയുടെ അളവു കൂടുതലാണെന്നും വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ഈ തോടുകളിലേക്ക് തള്ളുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. നഗരസഭ കൗൺസിൽ യോഗത്തിലും ഈ വിഷയം ചർച്ചക്കു വന്നതാണ്. സർക്കാർ നിർദ്ദേശപ്രകാരം ഇപ്പോൾ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  വീണ്ടും ഈ പ്രവണത തുടർന്നാൽ അത്തരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊതുജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള വഴിയോര കച്ചവടം നിയന്ത്രിക്കുമെന്നും ഇതിനായി ട്രേഡ് യൂണിയൻ പ്രതിനിധികൾ, വ്യാപരികൾ റസിഡൻഷ്യൽ അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവരുടെ യോഗം ഉടൻ വിളിച്ചു കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.  ബീച്ചിൽ തൊഴിലുറപ്പു തൊഴിലാളികളുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും അതോടൊപ്പം തന്നെ ടൂറിസ്റ്റുകളെ വൈക്കത്തേക്ക് ആകർഷിക്കുന്ന തരത്തിൽ വൈക്കം ബീച്ചിലും പരിസര പ്രദേശങ്ങളിലും ഒട്ടനവധി വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.