ഓൺലൈൻ പേയ്‌മെന്റ് ഇനി ‘വിരൽത്തുമ്പിൽ’; ഒ.ടി.പി ഒഴിവാക്കി റേസർപേ
ന്യൂദൽഹി: ഓൺലൈൻ പണമിടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ പുതിയ സാങ്കേതികവിദ്യയുമായി പ്രമുഖ പേയ്‌മെന്റ് ഗേറ്റ്‌വേയായ റേസർപേ. ഇനി മുതൽ ഓൺലൈൻ ഷോപ്പിംഗിനും മറ്റും പണമടയ്ക്കുമ്പോൾ ഫോണിൽ വരുന്ന ഒ.ടി.പി കാത്തുനിൽക്കുകയോ അത് നോക്കി ടൈപ്പ് ചെയ്യുകയോ വേണ്ടതില്ല. പകരം നിങ്ങളുടെ സ്മാർട്ട്‌ഫോൺ അൺലോക്ക് ചെയ്യുന്നതുപോലെ വിരലടയാളമോ ഫേസ് ഐ.ഡിയോ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പണമിടപാട് പൂർത്തിയാക്കാം.
- എന്താണ് പാസ്‌കീ സംവിധാനം?
പരമ്പരാഗതമായ പാസ്‌വേഡുകൾക്കും ഒ.ടി.പികൾക്കും പകരമായി ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണമാണ് ‘പാസ്‌കീ’. ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ അല്ലെങ്കിൽ ഫേസ് ലോക്ക് എന്നിവയുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ഇതുവഴി പേയ്‌മെന്റ് നടത്തുമ്പോൾ ഫോണിലേക്ക് എസ്എംഎസ് വരുന്നത് വരെയുള്ള കാലതാമസം ഒഴിവാക്കാൻ സാധിക്കും. ഒടിപി ടൈപ്പ് ചെയ്യുന്നതിനേക്കാൾ 50 ശതമാനം വേഗത്തിൽ പണമിടപാടുകൾ പൂർത്തിയാക്കാൻ ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് റേസർപേ വ്യക്തമാക്കുന്നു.
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മികച്ച സുരക്ഷയാണ് പാസ്‌കീ വാഗ്ദാനം ചെയ്യുന്നത്. ഫോണിലേക്ക് വരുന്ന ഒ.ടി.പി സന്ദേശങ്ങൾ ചോർത്തിയെടുത്ത് തട്ടിപ്പ് നടത്തുന്നത് നിലവിൽ വലിയ വെല്ലുവിളിയാണ്. എന്നാൽ പാസ്‌കീ സംവിധാനത്തിൽ ഉപഭോക്താവിന്റെ സാന്നിധ്യമില്ലാതെ (ബയോമെട്രിക് പരിശോധനയില്ലാതെ) പണം കൈമാറാൻ കഴിയില്ല എന്നത് തട്ടിപ്പുകൾ തടയാൻ സഹായിക്കും. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾക്കായി റിസർവ് ബാങ്ക് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഈ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്.
ഏതെങ്കിലും വെബ്‌സൈറ്റിലോ ആപ്പിലോ പണമടയ്ക്കുന്ന ഘട്ടത്തിൽ പാസ്‌കീ ഓപ്ഷൻ തിരഞ്ഞെടുത്താൽ മാത്രം മതി. തുടർന്ന് ഫോൺ അൺലോക്ക് ചെയ്യുന്നത് പോലെ വിരലടയാളമോ ഫേസ് ഐ.ഡിയോ നൽകിയാൽ ഉടൻ തന്നെ ഇടപാട് പൂർത്തിയാകും. പരാജയപ്പെടാനുള്ള സാധ്യത കുറവായതിനാൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനകരമാണ് ഈ സംവിധാനം. ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് റേസർപേ ഇതിലൂടെ തുടക്കമിട്ടിരിക്കുന്നത്.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ