രുചിയും പങ്കുവെക്കലുമായി വൈക്കത്ത് കുരുന്നുകളുടെ ഭക്ഷ്യമേള
വൈക്കം: ഭക്ഷ്യ ദിനത്തിൽ കുരുന്നുകൾ വീട്ടിൽ തയ്യാറാക്കി സ്കൂളിൽ എത്തിച്ച വ്യത്യസ്ത ഭക്ഷണ വിഭവങ്ങൾ പങ്കുവച്ചും രുചി നുണഞ്ഞും ഒരുക്കിയ ഭക്ഷ്യമേള വേറിട്ടതായി. വൈക്കം വടക്കേനട ടൗൺ എൽ.പി സ്കൂളിലാണ് ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസുവരെയുള്ള കുരുന്നുകളുടെ ഈ ഭക്ഷ്യമേള നടന്നത്. മധ്യപ്രദേശുകാരനായ ഒന്നാം ക്ലാസ് വിദ്യാർത്ഥി അഭിദേവ് സിംഗിൻ്റെ വീട്ടിൽ തയ്യാറാക്കി കൊണ്ടുവന്ന പാനിപൂരി, സ്കൂളിൽ ഒന്നാം ക്ലാസിലെ തമിഴ്നാട്ടുകാരിയായ കൃപ എത്തിച്ച പൊങ്കൽ എന്നിങ്ങനെ വേറിട്ട രുചികളുടെ വ്യത്യസ്ത വിഭവങ്ങളാണ് ക്ലാസ് മുറികളിൽ വിളമ്പിയത്. പാത്രങ്ങളിലും ഇലകളിലും ഒക്കെയായി ഇങ്ങനെ രുചിയൂറും വിഭവങ്ങളുമായി ആണ് ഭക്ഷ്യ ദിനത്തിൽ സ്കൂളിലെ കുട്ടികൾ ക്ലാസ് മുറികളിൽ എത്തിയത്. പുസ്തകങ്ങൾ നിരത്തുന്ന മേശകളിൽ വിദ്യാർത്ഥികൾ തന്നെ തങ്ങൾ കൊണ്ടുവന്ന വിഭവങ്ങൾ നിരത്തിയതോടെ സ്കൂളിലെ ഭക്ഷ്യ മേളക്ക് തുടക്കമായി.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഡി. രഞ്ജിത് കുമാറാണ് രുചിമേള ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യ അവബോധവും പങ്കുവയ്ക്കലിന്റെ സന്ദേശവും കുരുന്നുകൾക്ക് നേരിട്ട് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഈ ഭക്ഷ്യമേള ഒരുക്കിയത്.
പ്രധാന അധ്യാപികയായ പി.ഐ ടെസിമോൾ, അദ്ധ്യാപകരായ പി.കെ ശ്രുതി മോൾ, എസ്. ഡയാന, രേഷ്മ വിജയകുമാർ, സുജിത്ത് എം ഉണ്ണി എന്നിവരാണ് ഈ ഭക്ഷ്യ കളമൊരുക്കിയത്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള വടക്കേനട ടൗൺ എൽ.പി സ്കൂളിൽ മധ്യപ്രദേശുകാരനും തമിഴ്നാട്ടുകാരായ മൂന്ന് വിദ്യാർത്ഥികളും അടക്കം 145 വിദ്യാർത്ഥികളാണ് ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നത്. വിദ്യാർത്ഥികളുടെ വീട്ടിൽ തയ്യാറാക്കി കൊണ്ടുവന്ന റെയിൻബോ ഇഡലി, ബീറ്റ് റൂട്ട് ലഡ്ഡു, അവൽ നനച്ചത്, ഉണ്ണിയപ്പം കപ്പപ്പുഴുക്ക് തുടങ്ങി വറുത്തതും പൊരിച്ചതും അടക്കമുള്ള വിഭവങ്ങൾ വിദ്യാർത്ഥികൾ പരസ്പരം പങ്കുവച്ച് നുണഞ്ഞപ്പോൾ അത് ഭക്ഷ്യ ദിനത്തിലേക്ക് വേറിട്ട ഭക്ഷ്യമേള കാഴ്ചയായി മാറി.
Comments ()