നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി
കൊല്ലം: നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’ എന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്.
അപകടത്തിൽ മത്സ്യത്തൊഴിലാളിയായ രാജീവ് മരിച്ചു. ട്രോളിങ് നിരോധനം അവസാനിച്ച് മത്സ്യബന്ധനം പുനരാരംഭിച്ച ആദ്യദിനം തന്നെയാണ് ദാരുണമായ സംഭവം നടന്നത്.ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ കാണാതായതിനെ തുടർന്ന് കോസ്റ്റ് ഗാർഡ്, മത്സ്യബന്ധന വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ തുടരുകയാണ്.അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഗുരുതരാവസ്ഥയിൽ രക്ഷപ്പെടുത്തിയ രാജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശക്തമായ തിരമാലയും കടലിലെ പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ബോട്ടിലുണ്ടായിരുന്ന 14 പേരിൽ ഭൂരിഭാഗത്തെയും രക്ഷപ്പെടുത്തിയെങ്കിലും പുത്തൻതുറ സ്വദേശിയായ രാജീവിനെ രക്ഷിക്കാനായില്ല. കാണാതായ രണ്ടുപേർക്കായി ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. 52 ദിവസത്തെ ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ഇറങ്ങിയത്. അതിനിടെയുണ്ടായ അപകടം മത്സ്യത്തൊഴിലാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ബോട്ട് മറിഞ്ഞ സാഹചര്യവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നതും ഉൾപ്പെടെ എല്ലാ വശങ്ങളും അധികൃതർ അന്വേഷിച്ചു വരികയാണ്.
Comments ()