വൈക്കത്തെ ജനങ്ങളെ വീണ്ടും പറ്റിക്കരുത്; അമൃത് പദ്ധതി കുടിവെള്ള പ്ലാൻ്റ് അയ്യർകുളങ്ങരയിൽ സ്ഥാപിക്കണം
വൈക്കം: നഗരസഭയ്ക്ക് അമൃത് പദ്ധതിയിൽപ്പെടുത്തി അനുവദിച്ച
20 എം.എൽ.ടി കുടിവെള്ളത്തിൻ്റെ പുതിയ പ്ലാൻ്റ് അയ്യർകുളങ്ങരയിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയിലെ വീടുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി അമൃത് പദ്ധതിയിൽ പെടുത്തി 20 എം.എൽ.ടി കപ്പാസിറ്റിയുള്ള ശുദ്ധീകരണ പ്ളാൻ്റിനുള്ള ചർച്ചകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. വെള്ളൂരിലെ 45എം.എൽ.ടി കപ്പാസിറ്റിയുള്ള പ്ളാൻ്റിൻ്റെ സമീപത്ത് തന്നെ പുതിയ 20 എം.എൽ.ടി കപ്പാസിറ്റിയുള്ള പ്ലാൻ്റും സ്ഥാപിക്കുന്നതിനുള്ള
നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ജലവിതരണം രണ്ട് റീച്ചാക്കി മാറ്റി വിതരണത്തിലുള്ള അപാകതകൾ പരിഹരിക്കണം. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളൂരിൽ പുതിയ പ്ലാൻ്റ് സ്ഥാപിക്കുന്നതിനോട് നഗരസഭയ്ക്കും സമീപ പഞ്ചായത്തുകൾക്കും താത്പര്യമില്ല. കാരണം വൈക്കത്തുകാർക്ക് വേണ്ടി സ്ഥാപിച്ച വെള്ളൂർ ജലശുദ്ധീകരണ പ്ലാൻ്റിലെ ശുദ്ധീകരിച്ച ഭൂരിഭാഗം ജലവും മറ്റ് നിയോജകമണ്ഡലങ്ങളിലേക്കാണ് ഇപ്പോൾ നൽകികൊണ്ടിരിക്കുന്നത്. നിലവിൽ പ്ളാൻ്റിൻ്റെ ചുമതല കടുത്തുരുത്തി ഡിവിഷനാണ്. വിതരണത്തിനുളള പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ചുമതല മാത്രമാണ് വൈക്കത്തിനുള്ളത്. അമൃത് പദ്ധതിയിൽ പെടുത്തി നിർമ്മിക്കുന്ന പ്ലാൻ്റിൻ്റെ മുഴുവൻ പ്രയോജനവും നഗത്തിലുള്ളവർക്ക് പ്രയോജനപ്പെടണം. അതുകൊണ്ടാണ് പഴയ രീതി തുടർന്നാൽ പുതിയ പ്ളാൻ്റിൻ്റെ പ്രയോജനം വൈക്കത്തുകാർക്ക് ലഭിക്കില്ല
എന്ന് ആശങ്ക ഉയരുന്നത്.
മുവാറ്റുപുഴയാറിൽ നിന്നും സംഭരിക്കുന്ന ജലം വൈക്കം അയ്യർകുളങ്ങരയിലുള്ള
ജല അതോറിറ്റിയുടെ സ്ഥലത്ത് എത്തിച്ച് പുതിയ പ്ലാൻ്റു നിർമ്മിച്ച് അവിടെ നിന്നും ജലം ശുദ്ധി ചെയ്ത് വിതരണം നടത്താവുന്നതാണ്.
സമീപ പഞ്ചായത്തുകൾക്കും ശുദ്ധജല വിതരണം മുടങ്ങാതെ നടത്താം. ഇതിനായി ജപ്പാൻ കുടിവെള്ള വിതരണത്തിൻ്റെ രീതി പിൻതുടരാവുന്നതാണ് എന്നാണ് വിദഗ്‌ധാഭിപ്രായം. ഈ വിഷയത്തിൽ നഗരസഭയും, എം.എൽ.എയും രാഷ്ട്രീയ നേതാക്കളും ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments ()