|
Loading Weather...
Follow Us:
BREAKING

ബാങ്കിൻ്റെ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി

ബാങ്കിൻ്റെ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി

കടുത്തുരുത്തി: കേരള ബാങ്കിൻ്റെ ജപ്തി നോട്ടീസ് കിട്ടിയതിനെ തുടർന്ന് ഗൃഹനാഥൻ വിഷം കഴിച്ച് മരിച്ചതായി പരാതി. കടുത്തുരുത്തി ഞീഴുർ മംഗലത്ത് കരോട്ട് സാജു തോമസ് എന്ന 58 കാരനാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. മരം കയറ്റ തൊഴിലാളിയായിരുന്നു. മക്കളുടെ പഠനാവശ്യത്തിനും വീട് നിർമ്മാണത്തിനും ആയിട്ടായിരുന്നു സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത്. മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായതിനാൽ വായ്പ അടയ്ക്കാൻ സാധിക്കാതെ വരികയായിരുന്നു. ഇതോടെ നാല്പത് ലക്ഷത്തോളം രൂപ ബാങ്കിൽ കുടിശ്ശികയായി. തുടർന്നാണ് ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ടു പോയത്. 16 സെൻറ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനായി ബാങ്ക് അഭിഭാഷക കമ്മീഷൻ നോട്ടീസ് കഴിഞ്ഞ ദിവസം അയച്ചിരുന്നു. ശനിയാഴ്ച ബാങ്ക് അധികൃതർ വീട്ടിലെത്തുന്നതിന് തൊട്ടു മുമ്പാണ് സാജുവിനെ വീടിന് സമീപം കീടനാശിനി കഴിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്. 2014 നും അതിനും മുമ്പുമായി 15 ലക്ഷത്തോളം രൂപയാണ് 16 സെൻറ് സ്ഥലം പണയപ്പെടുത്തി സാജുവിന്റെ പേരിലും ഭാര്യയുടെയും മാതാവിൻറെയും സഹോദരന്റെയും പേരിലുമായി വായ്പ എടുത്തിരുന്നത്. എന്നാൽ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നിയമപരമായ നടപടി ക്രമങ്ങളാണ് നടത്തിയതെന്നും ബാങ്ക് അറിയിച്ചു. ജപ്തി നോട്ടീസ് കിട്ടിയതിന്റെ മനോവിഷമത്തിലാണ് സാജു വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് എന്നാണ് വീട്ടുകാരുടെ പരാതി. സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് തുരുത്തിപ്പള്ളി സെൻറ് ജോൺസ് പള്ളിയിൽ നടക്കും