|
Loading Weather...
Follow Us:
BREAKING

ചെട്ടിക്കരി പാടശേഖര ബ്ലോക്കിലെ പുറംബണ്ട് ബലപ്പെടുത്താൻ തുടങ്ങി

ചെട്ടിക്കരി പാടശേഖര ബ്ലോക്കിലെ പുറംബണ്ട് ബലപ്പെടുത്താൻ തുടങ്ങി
ചെട്ടിക്കരി പാടശേഖര ബ്ലോക്കിലെ പുറംബണ്ട് മണ്ണിട്ടുയർത്തി ബലപ്പെടുത്തുന്നു

വൈക്കം: തലയാഴം മുണ്ടാർ മൂന്ന് ചെട്ടിക്കരി പാടശേഖര ബ്ലോക്കിലെ പുറംബണ്ട് ബലപ്പെടുത്താൻ തുടങ്ങി. മണ്ണിട്ടുയർത്തി ബലപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്. കരിയാറും നാട്ടുതോടും അതിരിടുന്ന 80 ഏക്കർ വിസ്തൃതി വരുന്ന പാടശേഖരത്തിൻ്റെ മൂന്നുവശത്തേയും പുറംബണ്ട് ഒരുമീറ്റർ ഉയരത്തിൽ മണ്ണിട്ടുയർത്തിയാണ് ബലപ്പെടുത്തുന്നത്. മഴക്കാലത്ത് കരിയാർ കരകവിഞ്ഞ് ഒന്നിലധികം തവണ വീടുകളും കൃഷിയിടങ്ങളും മുങ്ങുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.

0:00
/0:57

പാടശേഖരത്തിൻ്റെ പുറംബണ്ട് ഉയർത്തി നിർമിക്കണമെന്ന പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമാവുന്നത്. ബണ്ട് ഉയർന്നാൽ കരിയാറിൻ്റെ തീരത്തുള്ള 15 കുടുംബങ്ങളുടെ വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. പാടശേഖരത്തിൻ്റെ നാട്ടുതോടിനു സമാന്തരമായ റോഡിന് 150 മീറ്ററോളം സംരക്ഷണഭിത്തിയും പദ്ധതിയുടെ ഭാഗമായി നിർമിക്കും. കേരള കോൺഗ്രസ് (എം) തലയാഴം മണ്ഡലം കമ്മറ്റി ഭാരവാഹികൾ സംസ്ഥാന കമ്മറ്റി അംഗം ബിജു പറപ്പള്ളിയുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. പുറംബണ്ട് മണ്ണിട്ടുയർത്തി ബലപ്പെടുത്താൻ 75 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന് പുറമേ ചെട്ടിക്കരി റോഡിൻ്റെ ഒരുഭാഗം ജോസ് കെ. മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് മണ്ണിട്ടുയർത്തി മെറ്റൽ വിരിച്ച് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കും.