കൊച്ചിയിൽ നാളെ ഉച്ചയ്ക്കുശേഷം ഗതാഗത നിയന്ത്രണം: കേരള പോലീസ് സ്പോർട്സ് മീറ്റ് മെഗാ മാരത്തണും ദീപശിഖാ പ്രയാണവും നാളെ
കൊച്ചി: കൊച്ചിയിൽ നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിമുതൽ ഏഴുവരെ ഗതാഗത നിയന്ത്രണം. കേരള പോലീസ് കായികമീറ്റിൻ്റെ ദീപശിഖാ പ്രയാണവും മാരത്തോൺ സംഘവും കടന്നുപോകുന്ന കളമശ്ശേരി മുതൽ കലൂർ സ്റ്റേഡിയം വരെയുള്ള ഭാഗങ്ങളിൽ, എൻ.എച്ച് 544, ആലുവ- എറണാകുളം പി.ഡബ്ലിയു റോഡ്, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിൽ സെപ്റ്റംബർ ആറിന് വൈകുന്നേരം മൂന്നു മണി മുതൽ ഏഴു മണി വരെയാണ് ഭാഗിക ഗതാഗത നിയന്ത്രണം.

യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കുകയും ബദൽ റോഡുകൾ ഉപയോഗപ്പെടുത്തുകയും വേണമെന്ന് അസി. കമ്മിഷണർ അറിയിച്ചു. ലഹരിക്കെതിരെ കായിക ലഹരി എന്ന മുദ്രാവാക്യവുമായി കേരള പൊലീസ് സ്പോർട്‌സ് മീറ്റ് 2026ന്റെ ഭാഗമായാണ് മെഗാ മാരത്തൺ നടത്തുന്നത്. ലഹരി ഉപയോഗത്തിനെതിരെ ശക്‌തമായ ബോധവൽക്കരണമാണു ലക്ഷ്യം. കാസർകോട് മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിലൂടെ ദീപശിഖാ പ്രയാണം നടത്തിക്കൊണ്ടുള്ള മാരത്തൺ നാളെ വൈകിട്ട് 4 നാണ് കളമശേരി ഡെക്കാത്തലണിനു സമീപം എത്തുന്നത്. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രൻ ദീപശിഖ ഏറ്റുവാങ്ങും. ഫ്ലാഷ് മോബ്, സൂംബാ ഡാൻസ് എന്നിവയും അരങ്ങേറും. തുടർന്നു സൈക്കിൾ റാലിയോടെ കലൂർ സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് മാരത്തൺ എത്തും. വൈകിട്ട് 5ന് നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള മാരത്തണുകൾ കൂടി ഇവിടെ സംഗമിക്കും. തുടർന്നു മെഗാ മാരത്തൺ സ്റ്റേഡിയം വലംവയ്ക്കും. ദീപശിഖ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ ഏറ്റുവാങ്ങും. പൊതുസമ്മേളനം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും.
Comments ()