സംസ്‌ഥാനത്ത് പൊലീസ് സ്‌റ്റേഷനുകൾ വീണ്ടും എസ്.ഐമാർ നിയന്ത്രിക്കും
എസ്. സതീഷ്കുമാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊലീസ് സ്‌റ്റേഷനുകൾ വീണ്ടും എസ്.ഐമാർ നിയന്ത്രിക്കും. സർക്കിൾ അതായത് എസ്.എച്ച്.ഒ മാറി പഴയ സബ് ഇൻസ്പകടർ സംവിധാനം മടങ്ങിയെത്തും. എന്നാൽ 210 പൊലീസ് സർക്കിളുകൾ രൂപീകരിച്ച് സി.ഐമാർക്കു ചുമതല നൽകാൻ സംസ്‌ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. പൊലീസ് സംവിധാനത്തിൽ സംസ്ഥാനത്തെ വലിയ 63 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ നേരിട്ട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ആയാൽ മതിയെന്നാണ് ഡി.ജി.പിയുടെ പ്രധാന ശുപാർശ. ക്രമസമാധാന ചുമതലയിൽ നിന്നും ഒഴിവാക്കുന്ന 206 ഇൻസ്പെക്ടർമാരെ മറ്റ് പ്രധാന മേഖലകളിലേക്ക് മാറ്റി നിയമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് എസ്.എച്ച്.ഒ സംവിധാനം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തിയത്. സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി സർക്കിൾ ഇൻസ്പെക്ടർമാരെ നിയമിക്കാൻ 2017ലാണ് ഇടതു സർക്കാർ തീരുമാനിച്ചത്. സബ് ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ എന്ന നിലയിൽ പൊലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്ന രീതിയാണ് മുൻപുണ്ടായിരുന്നത്. സർക്കിൾ ഇൻസ്പെക്ടർമാരും സബ് ഡിവിഷനൽ പൊലീസ് ഓഫിസർമാരുമാണ് മേൽനോട്ടച്ചുമതല വഹിച്ചിരുന്നത്. എന്നാൽ 2018ൽ സർക്കിൾ ഓഫിസുകൾ നിർത്തലാക്കിയതോടെ പൊലീസ് ഇൻസ്പെക്ടർമാരെ (സി.ഐ) പൊലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒമാർ ആക്കുകയായിരുന്നു.
പരിചയ സമ്പന്നരായ ആളുകൾ സ്റ്റേഷന്റെ ചുമതല വഹിക്കുന്നുവെന്ന നേട്ടമാണ് പറഞ്ഞിരുന്നത്. എസ്.ഐമാർ തമ്മിലുള്ള അധികാരപ്പോര് ഒഴിവാക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർ തല എസ്.എച്ച്.ഒമാർ മതിയെന്ന വിലയിരുത്തലിലേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്ന സബ് ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരുടെ ചുമതല വഹിക്കുമ്പോൾ അവർക്കു കൂടുതൽ പ്രഫഷനൽ മികവു ലഭിക്കുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. സർക്കിൾ ഇൻസ്പെക്ടർമാർ കുറച്ച് പൊലീസ് സ്റ്റേഷനുകളുടെ മാത്രം മേൽനോട്ട ചുമതലയിലേക്കു വരുമ്പോൾ ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകാനും പ്രശ്‌നങ്ങൾ അറിയാനും കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എസ്.എച്ച്.ഒമാരുടെ
ചുമതല വഹിക്കുന്ന ഇൻസ്പെക്ടർമാരെ മറ്റു ഇടങ്ങളിലേക്കു മാറ്റി നിയോഗിക്കാനും കഴിയും. ജില്ലാ സ്പെഷൽ ബ്രാഞ്ചുകളിൽ ഒരു ഇൻസ്പെക്ടറെയും പ്രോസിക്യൂഷൻ നിരീക്ഷണത്തിന് ഒരു ഇൻസ്പെക്ടറെയും നിയമിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.. പുതിയ സംവിധാനം നടപ്പാക്കാൻ രണ്ടു മാസം സമയം വേണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എസ്.എച്ച്.ഒമാരുടെ ചുമതല വഹിക്കേണ്ട സബ് ഇൻസ്പെക്ടർമാർക്ക് രണ്ടാഴ്ചത്തെ പരിശീലനം നൽകണം. പൊതുജനങ്ങൾക്കു പെട്ടെന്നു തിരിച്ചറിയാൻ ഇവർക്കു പ്രത്യേക ബാഡ്‌ജ് നൽകണം. എ.എസ്.ഐമാരെ പൊലീസ് സ്റ്റേഷനുകളിൽ ക്രമസമാധാനം, ക്രൈം, പ്രോസിക്യൂഷൻ വിഭാഗങ്ങളുടെ ചുമതല ഏൽപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Comments ()