മാർ സ്ലീവാ മെഡിസിറ്റിയുടെ ഏഴാം വാർഷികാഘോഷവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും 11ന്
പാലാ: മധ്യകേരളത്തിലെ പ്രമുഖ ആതുരശുശ്രൂഷ കേന്ദ്രമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ ഏഴാം വാർഷികാഘോഷവും, അനക്സ് 1 ബ്ലോക്കിലേക്കു മാറിയ ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്കിന്റെ ഉദ്ഘാടനവും സെപ്റ്റംബർ 11 വെള്ളിയാഴ്ച നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും.
വാർഷികാഘോഷത്തോടൊപ്പം ഗ്യാസ്ട്രോസയൻസസ് വിഭാഗത്തെ സെന്റർ ഓഫ് എക്സലൻസ് ആയി പ്രഖ്യാപിക്കുന്ന ചടങ്ങും, ആശുപത്രിയിൽ വിജയകരമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ 150 പേരുടെ സംഗമവും ഇതോടൊപ്പം നടക്കും. എം.എൽ.എ.മാരായ മാണി സി. കാപ്പൻ, നാട്ടകം സുരേഷ്, എം.ജെ. സെബാസ്റ്റ്യൻ, പ്രഫ. റോണി കെ. ബേബി എന്നിവർ ആശംസകൾ നേരും.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ ദീർഘവീക്ഷണത്തിൽ 2019 സെപ്റ്റംബറിലാണ് മാർ സ്ലീവാ മെഡിസിറ്റി പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 690 കിടക്കകളും 60ൽ പരം ചികിത്സാ വിഭാഗങ്ങളും 250ൽ പരം വിദഗ്‌ധ ഡോക്ടർമാരും ഉൾപ്പെടെ 2500ൽ പരം ജീവനക്കാരാണ് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നത്. ഏഴ് മിനിറ്റിനുള്ളിൽ കാൻസർ രോഗനിർണയം സാധ്യമാകുന്ന ഡിജിറ്റൽ പെറ്റ് സി.ടി, ഗാമക്യാമറ സ്പെക്റ്റ്, അത്യാധുനിക ലീനിയർ ആക്സിലറേറ്റർ, ബോൺ മാരോ ട്രാൻസ്പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങളുള്ള കാൻസർ കെയർ ആൻഡ് റിസർച്ച് സെൻ്ററും ഇവിടെ സജ്ജമാണ്. കാർഡിയോളജി, ന്യൂറോസയൻസസ്, ഓർത്തോപീഡിക്സ്, ഗ്യാസ്ട്രോസയൻസസ് തുടങ്ങി 9 വിഭാഗങ്ങൾ മെഡിസിറ്റിയിൽ മികവിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.
ആധുനിക രീതിയിൽ നവീകരിച്ച ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിൽ എൻഡോസ്കോപ്പി, കൊളോണോസ്കോപ്പി സ്യൂട്ടുകൾ, ഫൈബ്രോസ്കാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കരൾ മാറ്റ ശസ്ത്രക്രിയകൾക്കുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർത്രോസ്കോപ്പി സ്കിൽ ലാബ് പ്രവർത്തിക്കുന്ന ഓർത്തോപീഡിക്സ് വിഭാഗത്തിൽ റോബോട്ടിക് ശസ്ത്രക്രിയകളും ലഭ്യമാണ്. അലോപ്പതിക്ക് പുറമെ ആയുഷ് വകുപ്പിനു കീഴിൽ ആയുർവേദ, നാച്ചുറോപ്പതി, സിദ്ധ, ഹോമിയോ ചികിത്സാവിഭാഗങ്ങളും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.
പത്രസമ്മേളനത്തിൽ റവ.ഫാ.മാത്യു തെക്കേൽ (ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ), റവ. ഫാ.ജോസ് കീരഞ്ചിറ (അസോ. ഡയറക്ടർ ആശുപത്രി ഓപ്പറേഷൻസ്, ലീഗൽ ആൻഡ് ലെയ്‌സൺ), റവ. ഫാ.മാത്യു തുരുത്തിപ്പള്ളിൽ (അസോ.ഡയറക്ടർ, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ്, ഐ.ടി), എയർകോമഡോർ ഡോ.പോളിൻ ബാബു (ചീഫ് ഓഫ് മെഡിക്കൽ സർവീസസ്), ഡോ. രമേശ് .എം (ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി), ഡോ. മഞ്ജുള രാമചന്ദ്രൻ (നെഫ്രോളജി വിഭാഗം മേധാവി), ഡോ. വിജയ് രാധാകൃഷ്ണൻ (യൂറോളജി വിഭാഗം മേധാവി) എന്നിവർ പങ്കെടുത്തു.
Comments ()