മോഷണക്കേസ് പ്രതിയും യുവതിയും പോലീസ് കസ്റ്റഡിയിൽ
ഈരാറ്റുപേട്ട: ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഈരാറ്റുപേട്ട ചേന്നാട് കവലയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തിരുവല്ല സ്വദേശിയായ കുപ്രസിദ്ധ മോഷണക്കേസ് പ്രതി സ്റ്റാനും ഒപ്പമുണ്ടായിരുന്ന യുവതിയുമാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. ഈരാറ്റുപേട്ട ചേന്നാട് കവലയിൽ പ്രതി സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു. അപകട കാരണം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ പ്രതി കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് കീഴടക്കുകയായിരുന്നു.

നിരവധി മോഷണക്കേസുകളിൽ പ്രതിയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതുമായ തിരുവല്ല സ്വദേശി സ്റ്റാൻ ഈരാറ്റുപേട്ടയിൽ എത്തുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് കാത്തുനിൽക്കുന്നതിനിടയിലാണ് പോലീസിനെ വെട്ടിച്ച് പ്രതികൾ സഞ്ചരിച്ച കാർ മുന്നോട്ട് പാഞ്ഞത്. പോലീസിൽ നിന്ന് രക്ഷപ്പെടാൻ അതിവേഗത്തിൽ ഓടിച്ചുപോയ കാർ ചേന്നാട് കവലയിൽ വെച്ച് മറ്റൊരു കാറിലിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചോദ്യം ചെയ്തതോടെ കാറിലുണ്ടായിരുന്ന സ്റ്റാൻ കത്തി പുറത്തെടുത്ത് നാട്ടുകാർക്ക് നേരെ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഇതിനിടയിൽ പിന്തുടർന്നെത്തിയ പോലീസ് സംഘം തങ്ങളുടെ വാഹനം പ്രതികളുടെ കാറിന് മുന്നിലേക്ക് കയറ്റി നിർത്തി പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പിടിയിലായ സ്റ്റാനെതിരെ നിലവിൽ മൂന്നോളം മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെയും കൂടെയുണ്ടായിരുന്ന യുവതിയെയും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Comments ()