ഇൻഡ്രൂവും റൂബിയും വില്ലൻ മോഡുസൂകയും അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ പുറത്തിറങ്ങി
എസ്. സതീഷ്കുമാർ
വൈക്കം: വായനാദിനത്തിൽ വൈക്കത്ത് പുറത്തിറങ്ങിയത് ആരുമറിയാതെ സ്കൂൾ ബുക്കിൽ നോവലെഴുതിയ ഒരു പതിനൊന്നുകാരൻ്റെ ഫാൻ്റസി നോവൽ.
വർഷങ്ങളായി സ്കൂളിലേക്ക് വാങ്ങി നൽകിയ റഫ് ബുക്ക് വേഗം തീരുന്നതിനെപ്പറ്റി അന്വേഷിച്ചപ്പോഴാണ് പതിനൊന്ന് കാരൻ്റെ ഭാവനയിയിലെ ഫാൻ്റസി നോവൽ പുറത്തറിഞ്ഞത്. വായനാദിനത്തിൽ അതിൻ്റെ ആദ്യഭാഗം സംഗീത സംവിധായകൻ ബിജിപാൽ പുറത്തിറക്കിയതോടെയാണ് രക്ഷിതാക്കൾ പോലും നാല് വർഷമായി അറിയാതിരുന്ന ത്രസിപ്പിക്കുന്ന ഇംഗ്ലീഷ് ഫാൻ്റെസി നോവൽ സൃഷ്ടാവിനെ നാടറിഞ്ഞത്.
വൈക്കം കുലശേഖരമംഗലം സ്വദേശിയും വെള്ളൂർ ഭവൻസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിമന്യുവാണ് സ്‌കൂൾ റഫ് ബുക്കിൽ നാലുവർഷമായി ഇംഗ്ലീഷ് നോവലുകൾ എഴുതിയിരുന്നത്. ചെറുപ്പത്തിലെ ചിത്രരചന നടത്തിയിരുന്ന അഭിമന്യു ചിത്രങ്ങൾ സഹിതമാണ് മൂന്നാം ക്ലാസ് മുതൽ ഇങ്ങനെ നോവൽ ഇംഗ്ലീഷിൽ എഴുതി തുടങ്ങിയത്. കൊച്ചി ഇൻഫോപാർക്ക് ജീവനക്കാരായ മാതാപിതാക്കൾ അർജുനും ശീതളും മാത്രമല്ല മുത്തച്ഛൻ പുഷ്കരനും മുത്തശ്ശി രമാദേവി പോലും ഈ വിവരം അറിഞ്ഞിരുന്നില്ല. അഭിമന്യുവിൻ്റെ റഫ് ബുക്കുകൾ വേഗം തീരുന്നത് തിരക്കിയപ്പോഴാണ് ഒരു വർഷം മുമ്പ് മാതാപിതാക്കൾ അഭിമന്യുവിൻ്റെ രേഖാചിത്രങ്ങൾ സഹിതമുള്ള ഫാൻ്റസി നോവൽ ശേഖരങ്ങൾ കണ്ടത്. ഇതിനിടെ പല റഫ് ബുക്കുകളും നഷ്ടമായതോടെ ഈ കൊച്ചു സാഹിത്യകാരന്റെ ചില സൃഷ്ടികളും വെളിച്ചം കാണാതെ പോയി. ഏഴു ഭാഗങ്ങളായി അഭിമന്യു എഴുതിയ ഇമോർട്ടേഷൻ എന്ന ഫാന്റസി നോവലിന്റെ ആദ്യ ഭാഗമാണ് വായനാദിനത്തിൽ പുറത്തിറക്കിയത്. നോവലിനൊപ്പം അഭിമന്യുവരച്ച രേഖാചിത്രങ്ങളുടെ എ.ഐ രൂപങ്ങളും അഭിമന്യു തന്നെ തയ്യാറാക്കിയതും ഇമോർട്ടേഷൻ എന്ന ഫാന്റസി നോവലിൽ ഉണ്ട്. 100 പേജുകൾ ഉള്ള ഇമോർട്ടേഷൻ്റെ ആദ്യഭാഗത്തിൽ ലോകത്തെ നശിപ്പിക്കാൻ എത്തുന്ന ദുഷ്ട ശക്തികളെ ചെറുക്കാൻ പല രാജ്യങ്ങളിലുള്ള കുട്ടികളെ കൂട്ടി ഒരു സ്കൂളിൽ ട്രെയിനിങ് നൽകുന്നതും ദുഷ്ടകഥാപാത്രത്തെ നേരിടുന്നതും ആണ്. പൂർണ്ണമായും ഫാന്റസിയുടെ ലോകത്ത് പറയുന്ന കഥയിൽ ആർക്കും കാണാൻ കഴിയാത്ത ഒരു ദ്വീപിലാണ് ദുഷ്ട ശക്തിയെ എതിർക്കുന്നവർക്കായുള്ള ട്രെയിനിങ് സ്കൂൾ അഭിമന്യുവിൻ്റെ ഭാവനയിൽ വിരിയുന്നത്. ഇൻഡ്രൂ എന്ന നായകനും റോൺസ്, ഗോൾഡിഎന്നിവരും സ്ത്രീ കഥാപാത്രമായ റൂബിയുമാണ് വില്ലനായ മോഡുസൂകയെ നേരിടുന്നത്. നോവലിൻ്റെ ഒന്നാം ഭാഗത്തിലെത്തുന്ന വില്ലൻ തോൽവി ഏറ്റുവാങ്ങി പിൻവാങ്ങുന്നതോടെയാണ് ഈ ഫാന്റസി നോവലിൻ്റെ ആദ്യഭാഗം അവസാനിക്കുന്നത്. കഥയും കഥാപാത്രങ്ങളും പേരും ചിത്രങ്ങളും എല്ലാം എങ്ങനെ വരുന്നു എന്ന് ചോദിച്ചാൽ അഭിമന്യു പറയും അറിയില്ല എന്ന്. തോന്നും അപ്പോൾ വരച്ച് എഴുതും. ചെറുപ്പത്തിലെ അഭിമന്യു അമാനുഷിക ശക്തിയുള്ള ഫാന്റസി രൂപങ്ങളാണ് വരച്ചിരുന്നതെന്ന് മാതാപിതാക്കളും പറയുന്നു.
Comments ()