വൈക്കം സഹൃദയവേദി കായൽ ശുചീകരണത്തിന് തുടക്കം കുറിച്ചു
എസ്. സതീഷ്കുമാർ
വൈക്കം: മാലിന്യങ്ങൾ നീക്കൂ കായലിനെ രക്ഷിക്കൂ എന്ന സന്ദേശവുമായി വൈക്കം സഹൃദയവേദി കായൽ ശുചീകരണത്തിന് തുടക്കം കുറിച്ചു. വനിതകളടങ്ങുന്ന സഹൃദയ വേദിയുടെ ഇരുപതോളം പ്രവർത്തകരാണ് കായലിലെ പ്ലാസ്റ്റിക് മാലിന്യ നീക്കത്തിന് തുടക്കമിട്ടത്. വള്ളത്തിൽ സഞ്ചരിച്ചാണ് പ്ലാസ്റ്റിക്ക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുന്നത്.
കോരു വലകൾ ഉപഗയോഗിച്ചാണ് മാലിന്യ ശേഖരണം. ശേഖരിക്കുന്ന മാലിന്യം നഗരസഭ ഹെൽത്ത് വിഭാഗം ഏറ്റുവാങ്ങി ഹരിതകർമ്മ സേനയെ ഏൽപ്പിക്കും. മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന് തടസമാകുന്ന പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും കായലിൽ കുമിഞ്ഞു കൂടുന്നത് കണ്ടാണ് പ്രവർത്തകർ കായൽ ശുചികരണ പദ്ധതിയുമായ രംഗത്ത് എത്തിയത്. കെ. ബിനിമോൻ എം.എൽ.എയാണ് ശുചീകരണത്തിനു വൈക്കം ബോട്ട് ജെട്ടിയിൽ തുടക്കമിട്ടത്. സഹൃദയ വേദി രക്ഷാധികാരി പി. സോമൻ പിള്ള രചിച്ച് ആലപിച്ച കായൽ സംരക്ഷണ ഗാനവും ഇതോടനുബന്ധിച്ച് പുറത്തിറക്കി.

നഗരസഭ വൈസ്ചെയർമാൻ സൗദാമിനി അഭിലാഷ് കായൽ സംരക്ഷണ സന്ദേശം നൽകി. നഗരസഭ അംഗം കെ.എൻ മാധുരി,, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രതാപ്കുമാർ, വൈക്കം നഗരസഭ ക്ലീൻ സിറ്റി മാനേജർ സുനിമോൾ എന്നിവരും സഹൃദയ വേദി ഭാരവാഹികളായ അഡ്വക്കേറ്റ് എം.എസ് കലേഷ്, ആർ. സുരേഷ്, പി. സോമൻ പിള്ള, സാബു വർഗീസ്, ഉഷ ജനാർദ്ദനൻ, ഉഷാ നായർ, മഞ്ജു സുരേഷ്, ഷെമീഷ ബീവി എന്നിവർ കായൽ സംരക്ഷണ യജ്ഞത്തിന് നേതൃത്വം നൽകി.
Comments ()