നാട്ടുകൂട്ടം ഓണാഘോഷം
തലയോലപ്പറമ്പ്: തലയാലപ്പറമ്പ് ഗ്രാമത്തിന്റെ സാംസ്കാരിക വീഥിയിൽ കാൽ നൂറ്റാണ്ട് പിന്നിടുന്ന തലയോലപ്പറമ്പ് നാട്ടുകൂട്ടം സാംസ്കാരിക വേദിയുടെ ഓണോത്സവം ഓഗസ്റ്റ് 27, 28 തീയതികളിൽ ആഘോഷിക്കും.
തലയോലപ്പറമ്പിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകൂട്ടം പ്രവർത്തകർ. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളും പരമ്പരാഗത ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്.

27-ന് സാംസ്കാരിക സമ്മേളനം 28-ന് കൊച്ചിൻ പ്രണവ് അവതരിപ്പിക്കുന്ന മെഗാ ഗാനമേള എന്നിവ പ്രധാന പരിപാടികളാണ്. 27-ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് എറണാകുളം സബ് ജയിൽ സൂപ്രണ്ട് ടി. പ്രഭൻ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് മേഘനാഥൻ അദ്ധ്യക്ഷത വഹിക്കും. ജുബിലി ഉദ്ഘാടനം തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകത്ത് നിർവഹിക്കും.

ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ജോർജ് എം.ജെ. നാമംകുളങ്ങര ഓണസന്ദേശം നൽകും. പഞ്ചായത്തംഗം സോഫി ജോസഫ്, ക്ലബ്ബ് സെക്രട്ടറി സോണി ജോസഫ്, പി.എ.അനിൽകുമാർ, അരുൺ വിജയൻ എന്നിവർ പ്രസംഗിക്കും.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments ()