എൻ.എസ്.എസിന് എതിരായ പ്രവർത്തനങ്ങൾ ഭൈമീ കാമുകന്മാരുടെ വിലാപം: പി.ജി.എം. നായർ കാരിക്കോട്
വൈക്കം: സ്വന്തം കരയോഗത്തിൽ നിന്ന് പോലും സ്ഥാന ഭ്രഷ്ടരാക്കപ്പെട്ട ഭൈമീ കാമുകന്മാരുടെ വിലാപം മാത്രമാണ് എൻ.എസ്.എസിന് എതിരായി ചില സമുദായ വിരുദ്ധർ നടത്തുന്നതെന്നും ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ സമുദായം തള്ളിക്കളയുമെന്നും വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ കാരിക്കോട് പറഞ്ഞു. താലൂക്കിലെ വനിത സമാജങ്ങളുടെയും സംഘ പ്രവർത്തകരുടെയും സമ്മേളനത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സമുദായത്തെ ദുർബ്ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജനറൽ സെക്രട്ടറിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ അതിനെ ശക്തമായി ചെറുത്ത് തോല്പിക്കുവാനുള്ള കരുത്ത് സമുദായത്തിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയ്യായിരം കോടി രൂപാ ക്രയവിക്രയം നടത്തി വരുന്ന സ്വാശ്രയ സംഘ പ്രവർത്തനത്തിൽപ്പോലും ഒരു നയാ പൈസായുടെ അഴിമതി ആരോപണം ഉന്നയിക്കാൻ കഴിയാത്ത തരം മികച്ച പ്രവർത്തനമാണ് എൻ.എസ്.എസ് നടത്തി വരുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത എൻ.എസ്.എസ് രജിസ്ട്രാർ വി.വി. ശശിധരൻ നായർ പറഞ്ഞു. ഒരു കരയോഗത്തിൽ കുറഞ്ഞത് ഒരു സംരംഭക യൂണിറ്റ് എന്നതാണ് എൻ.എസ്.എസിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എൻ. മധു, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി വൈസ് പ്രസിഡൻ്റ് കെ.എൻ. സഞ്ജീവ്, പി.എസ്. വേണുഗോപാൽ, കെ. ജയലക്ഷ്മി, ശ്രീകലാ ദിലീപ്, ജയാ രാജശേഖരൻ, സി.എൻ. ഓമന, ശോഭ കുമാരി, എസ്. മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു. വ്യവസായ വകുപ്പ് ഓഫീസർമാരായ പ്രശാന്ത് പി. ബി, ശ്രീശങ്കർ, സുനിൽ സി. സണ്ണി, വിഷ്ണു ശശിധരൻ നായർ, ധനേഷ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.
Comments ()