ഉദയനാപുരത്ത് മഴക്കെടുതി രൂക്ഷം: പ്രത്യേക പരിഗണന ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്
വൈക്കം: മഴക്കെടുതി ഏറ്റവും രൂക്ഷമായ ഉദയനാപുരം പഞ്ചായത്തിന് കെടുതി നേരിടുന്നതിന് പ്രത്യേക പരിഗണന നൽകി ഫണ്ട് അനുവദിക്കണമെന്ന് സർക്കാരിനോട് ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ആവശ്യപ്പെട്ടു. കരിയാർ മുതൽ നേരേകടവ് വരെയുള്ള മുവാറ്റുപുഴയാറിൻ്റെ 18 കിലോമീറ്ററോളം പുഴയുടെ തീരം ഉദയനാപുരം പഞ്ചായത്തിലാണ്. തീരപ്രദേശം വലിയ അപകട സ്ഥിതിയിലാണ്. നൂറുകണക്കിന് വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. തോടുകൾ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കാതേ ഇനി മുന്നോട്ടു പോകാൻ കഴിയില്ല.മഴക്കെടുതി ഏറ്റവും രൂക്ഷമായ ഉയനാപുരം പഞ്ചായത്തിന് സർക്കാരിൻ്റെ പ്രത്യേക പരിഗണന നൽകണം.പഞ്ചായത്തിലെ വലിയൊരു ഭാഗം വെള്ളം കയറിയ നിലയിലാണ്. മൂവാറ്റുപുഴയാറിലൂടെ ഒഴുകിയെത്തുന്ന കിഴക്കൻ വെള്ളം ആദ്യം നിറയുന്ന പ്രദേശങ്ങളാണ് ഉദയനാപുരം പഞ്ചായത്തിലേത്.

വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വലിയ തോതിൽ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. അടിയന്തിര സഹായങ്ങൾ എത്തിക്കണമെന്ന് കെ.ജി. രാജു ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. പഞ്ചായത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകൾ പഞ്ചായത്ത് അധികൃതർ നിരന്തരം സന്ദർശിച്ചു വരികയാണെന്ന് പ്രസിഡൻ്റ് പറഞ്ഞു.
Comments ()