മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന്
എസ്. സതീഷ്കുമാർ
വൈക്കം: ഉറ്റവരും ഉടയവരും തഴഞ്ഞ മാനസിക വെല്ലുവിളി നേരിടുന്നവർക്കായി വൈക്കം ഉദയനാപുരത്ത് ഒരു കലാമേള നടന്നു. ഉദയനാപുരം ഗ്രാമ പഞ്ചായത്തും ഒ.സി. മാധവൻ മെമ്മോറിയൽ വായനശാലയും വൈക്കപ്രയാർ ജീവനിലയവും ചേർന്ന് ജീവനിലയത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികളുടെ കലാമേളയാണ് സാന്ത്വന മേളയായി മാറിയത്.
ഗ്രന്ഥശാലയിൽ നടത്തിയ കലാമേള പഞ്ചായത്തിലെ ഒരു അവിസ്മരണീയമായ ചടങ്ങായി മാറി. തെരുവിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളുടെ അഭയ കേന്ദ്രമാണ് 1999 മുതൽ ഉദയനാപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജീവനിലയം. ഡൽഹി, പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന, തമിഴ്നാട് മുതൽ വൈക്കത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള അന്തേവാസികൾ വരെ ഇവിടെയുണ്ട്. ഇതിൽ പലരും വർഷങ്ങളായുള്ള ചികിത്സയും പരിചരണത്തിൻ്റെയും ഫലമായി രോഗം ഭേദമായവർ ധാരാളമുണ്ടെങ്കിലും ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറാകാത്തതുകൊണ്ട് ഇവിടെ കഴിയുകയാണ്. കഴിഞ്ഞ 26 വർഷത്തിലധികമായി ഇവിടെ ഇങ്ങനെ കഴിയുന്നവർ വരെയുണ്ട്. അവർക്കൊക്കെ സാന്ത്വനമേകിയാണ് ആട്ടവും പാട്ടുമായി കലാമേള നടന്നത്. കലാമേള പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, ജീവനിലയം ട്രസ്റ്റി ജേക്കബ് മിഥുൻ, പഞ്ചായത്ത് അംഗങ്ങളായ ജസീനാ ഷാജുദീൻ, അജിതാ മധുക്കുട്ടൻ, പി.വി. പുഷ്കരൻ, സുമേഷ് കൊല്ലേരി, കെ. വേണു ഗോപാൽ, ഗോപിനാഥൻ കുന്നത്ത്, സുജാതാ ശ്രീകുമാർ, വായനശാല ഉപദേശകസമിതി പ്രസിഡൻ്റ് എം. രാജു, സെക്രട്ടറി പ്രസന്നജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കലാമേള സംഘടിപിച്ചത്.
Comments ()