സ്കൂൾ നീന്തൽ മത്സരം: സബ്ജില്ലാതലത്തിൽ വിജയവുമായി വേമ്പനാട് സ്വിമ്മിങ് അക്കാദമി താരങ്ങൾ
വൈക്കം: സബ്ജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വേമ്പനാട് സ്വിമ്മിങ് അക്കാദമിയിലെ വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി. വൈക്കം ഗവൺമെന്റ് ബോയ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശബരി ജെ, വല്ലകം സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സുവേദ് എസ് എന്നിവരാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഒന്നാം സ്ഥാനം നേടിയാണ് ശബരി ജെ ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സുവേദ് എസ് 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഇരട്ട വിജയത്തോടെയാണ് ജില്ലാതലത്തിലേക്ക് യോഗ്യത ഉറപ്പിച്ചത്.

ടി.വി പുരം പെരുമശ്ശേരിയിൽ പ്രവർത്തിക്കുന്ന വെമ്പനാട് സ്വിമ്മിങ് അക്കാദമിയിൽ പരിശീലകൻ സി.ടി. കൊച്ചുമോന്റെ ശിക്ഷണത്തിലാണ് ഇരുവരും പരിശീലനം നടത്തിവരുന്നത്. ഇരുവരേയും വെമ്പനാട് സ്വിമ്മിങ് അക്കാദമി പ്രോഗ്രാം കോഓർഡിനേറ്റർ ശിഹാബ് കെ. സൈനു, പി.ആർ.ഒ രാഖി. ആർ എന്നിവർ അനുമോദിച്ചു.
Comments ()