ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം നാളെ മുതൽ വൈക്കത്ത്
വൈക്കം: കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം വൈക്കത്ത് നാളെ തുടക്കമാകും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കള്ള് ചെത്ത് വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യവുമായാണ് ഇരുപത്തിയൊന്നാമത് സംസ്ഥാന സമ്മേളനം വൈക്കത്ത് നടക്കുന്നത്. നിലവിലുള്ള, ബ്രിട്ടീഷുകാരുടെ കാലത്തെ അബ്കാരി നിയമം പരിഷ്കരിച്ച് കള്ള് വ്യവസായത്തിന് മാത്രമായി പുതിയ നിയമം നടപ്പാക്കണം എന്നതാണ് പ്രധാന ആവശ്യം.
നാളെ വൈകിട്ട് 4.30ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ഇപ്റ്റ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍ നടക്കും. തുടര്‍ന്ന് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ബി ബിനു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കലാ-സാംസ്‌കാരിക പ്രതിഭകളെ ആദരിക്കും. സജിത മഠത്തില്‍, കെ.ജി പൗലോസ്, അഡ്വ. വി.എസ് സുനില്‍കുമാര്‍, അഡ്വ. പി.കെ ഹരികുമാര്‍, അരവിന്ദന്‍ കെ.എസ് മംഗലം, എം.ഡി ബാബുരാജ് എന്നിവര്‍ പ്രസംഗിക്കും.

18 ന് രാവിലെ 10.30ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ആസ്ഥാനത്തെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ പ്രസിഡന്റ് കെ.പി രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) പ്രസിഡന്റ് ടി.പി രാമകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി ഫെഡറേഷന്‍ പ്രസിഡന്റ് അജിത് ആറ്റിങ്ങല്‍, സ്വാഗതസംഘം സെക്രട്ടറി പി.ജി തൃഗുണസെന്‍, കെ.എന്‍. ഗോപി എന്നിവര്‍ പ്രസംഗിക്കും.
ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ശശിധരന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, മദ്യവ്യവസായ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി ആര്‍. സുശീലന്‍, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.കെ. ആശ, പി.കെ. ഷാജകുമാര്‍, ഡി.പി. മധു എന്നിവര്‍ പ്രസംഗിക്കും. ശനിയാഴ്ച വൈകിട്ട് പി.കെ മേദിനിയെക്കുറിച്ചുള്ള മാറ്റത്തിന്റെ പാട്ടുകാരി എന്ന ഡോക്യുമെന്ററി പ്രദർശനം നടക്കും.
ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ, സ്വാഗതസംഘം സെക്രട്ടറി പി.ജി. തൃഗുണസെൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അസി. സെക്രട്ടറി എൻ. അനിൽ ബിശ്വാസ് എന്നിവർ പങ്കെടുത്തു.
Comments ()