വയനാട്ടിൽ 25 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
സുൽത്താൻ ബത്തേരി: വയനാട്ടിൽ 25 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ വിദ്യാർഥികളാണ് ചികിൽസയിൽ. 337 വിദ്യാർഥികൾ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലുണ്ട്. ആരോഗ്യമന്ത്രി കെ. മുരളീധരൻ നാളെ വയനാട്ടിലെത്തി സ്ഥിതി വിലയിരുത്തും. ബത്തേരിയിൽ നാളെ രാവിലെ ഉന്നതതല യോഗവും ചേരും. മുൻകരുതലിന് ഡി.എം.ഒമാർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് കോഴിക്കോട് നിന്നുള്ള ഡോക്ടർമാരുടെ സംഘം വയനാട്ടിലെത്തി. വൃത്തിഹീനമായ തട്ടുകടകൾ അടപ്പിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. അതേസമയം, സംസ്‌ഥാനത്ത് കനത്ത മഴയ്ക്കൊപ്പം ഗുരുതര രോഗങ്ങളും പടരുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ.

ഒരാഴ്ചയ്ക്കിടെ വയറിളക്കരോഗങ്ങൾക്ക് ചികിൽസ തേടിയത് പതിനാറായിരത്തിലേറെ പേരാണ്. നാലു പേർ മരിച്ചു. ഷിഗെല്ലയും മഞ്ഞപ്പിത്തവും പടരുന്നതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. കോഴിക്കോട് ഷിഗെല്ല പ്രതിരോധം ഊർജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മാത്രം മൂന്നുമാസത്തിനിടെ 34 പേർക്ക് ആണ് രോഗം സ്ഥീരികരിച്ചത്. ഷിഗെല്ല ബാധിച്ച് നാലരവയസുകാരി മരിച്ച തലക്കുളത്തൂരിൽ പ്രതിരോധനടപടി ഊർജ്ജിതമാക്കിയിട്ടുണ്ട് മലിന ജലത്തിലൂടെയും ഈച്ചയാർക്കുന്നതും പഴകിയതുമായ ഭക്ഷണത്തിലൂടെയും ഉള്ളിലെത്തുന്ന വൈറസുകളും ബാക്‌ടീരിയകളുമാണ് രോഗകാരികൾ. കഴിക്കുന്ന ഭക്ഷണത്തിലും വെളളത്തിലും പരിസര ശുചിത്വത്തിലും ശ്രദ്ധിച്ചില്ലെങ്കിൽ രോഗം ഉണ്ടാകാം.
Comments ()