വയനാടിനു പിന്നാലെ കൊല്ലത്തും ഷിഗല്ല സ്‌ഥിരീകരിച്ചു
കൊല്ലം: കൊല്ലം ജില്ലയിലെ രണ്ടു വിദ്യാർഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. എട്ടു വയസുകാരനായ ആൺകുട്ടിയും 12 വയസുകാരിയായ പെൺകുട്ടിയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. പ്രത്യേകം സജ്ജീകരിച്ച വാർഡുകളിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത പനിയെ തുടർന്നു പ്രാഥമിക ആരോഗ്യത്തിൽ എത്തിയ ഇവരെ സംശയത്തെ തുടർന്നാണ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപിച്ചത്. വയനാട് കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ 8 കുട്ടികൾക്കും ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് വയനാട് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. സ്കൂൾ കിണറ്റിലെ വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം നേരിട്ട് കണ്ടെത്തിയില്ല. എന്നാൽ വെള്ളത്തിൽ മാലിന്യങ്ങളും മറ്റ് ബാക്ടീരിയകളും വൻതോതിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അതുകൊണ്ടുതന്നെ രോഗത്തിന്റെ ഉറവിടം ഈ കിണർ വെള്ളം തന്നെയാകാനാണ് സാധ്യതയെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. നിലവിൽ ബത്തേരിയിലെ വിവിധ ആശുപ്രതികളിലായി 44 പേർ ചികിത്സയിലുണ്ട്. ഇതുവരെ 502 പേരിലാണ് ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 14 വരെ ജില്ലാ കല്ക്ടർ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
Comments ()