കെ.എസ്.ആർ.ടി.സി ബസ്സുകളിലെ വനിത സൗജന്യ യാത്ര പ്രഖ്യാപിച്ചു
തിരുവനന്തപുരം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെ.എസ്.ആർ.ടി.സി ബസ്സുകളിലെ വനിത സൗജന്യ യാത്ര പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ പ്രായഭേദമില്ലാതെ വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്രയാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇന്ദിരാ പ്രിയദർശിനി എന്നാണ് ഈ യാത്ര പദ്ധതിയുടെ പേര്. വനിതകളുടെ സൗജന്യ യാത്ര മൂലം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാവുന്ന നഷ്ടം സർക്കാർ നൽകും. പ്രാഥമിക പഠനത്തിനു ശേഷം പദ്ധതി വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. അതിനുള്ള സന്നദ്ധത കെ.എസ്.ആർ.ടി.സി അറിയിച്ചതായും വി.ഡി സതീശൻ പറഞ്ഞു. ഓർഡിനറി ബസിലെ വനിത സൗജന്യ യാത്രയിൽ മാസം 65 മുതൽ 75 കോടിയോളം രൂപയുടെ ബാദ്ധ്യത സർക്കാരിന് വരും. വർഷത്തിൽ 800 കോടി രൂപയോളം കെ.എസ്.ആർ.ടി.സിക്ക് വരുമാന കുറവ് വരും. ഇപ്പോൾ ഒരു വർഷം 1500 കോടി രൂപ സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകുന്നുണ്ട്. അതിനൊപ്പം ഇതും സർക്കാർ നൽകാനാണ് തീരുമാനം. വരുമാനവും പ്രായവും നോക്കാതെയാണ് സൗജന്യയാത്ര അനുവദിക്കുന്നത്. സ്വന്തമായി വരുമാനം ഉണ്ടാക്കാൻ കെ.എസ്.ആർ.ടി.സിയെ പ്രോത്സാഹിപ്പിക്കും. ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കിയശേഷം ഇതിന്റെ പ്രവർത്തനം വിലയിരുത്തും. ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക. ഓർഡനറി ബസുകൾ കുറവുള്ള മലബാർ മേഖലയിലെ പ്രശ്നങ്ങൾ സർക്കാർ പഠിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments ()