എൽ.പി.ജി വിലക്കയറ്റത്തിന് പകരക്കാരൻ; എഥനോൾ സ്റ്റൗവുകൾ ഉടൻ വിപണിയിലേക്ക്
എസ്. സതീഷ്കുമാർ
ന്യൂഡൽഹി: പാചകവാതക വില കുതിച്ചുയരുന്നതിനിടെ എഥനോൾ ഇന്ധനമായി ഉപയോഗിക്കാവുന്ന സ്റ്റൗ വിപണിയിലിറക്കാൻ ഊർജ്ജിത ശ്രമം. സിലിണ്ടറുകളുടെ വില സർവകാല റെക്കോർഡിൽ എത്തിയതും വിതരണത്തിന് നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ എഥനോൾ സ്റ്റൗ ഹോട്ടലുകൾക്ക് അടക്കം ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ഈ ശ്രമം. എൽ.പി.ജിയെക്കാൾ എഥനോളിന് വില കൂടുതലായതിനാൽ വിലയിൽ നേട്ടമുണ്ടാവില്ല. സ്റ്റൗവിനും വില കൂടുതലായിരിക്കും. ഐ.ഐ.ടികളുടെ നേതൃത്വത്തിലാണ് എഥനോൾ സ്റ്റൗ നിർമാണ പരീക്ഷണങ്ങൾ ഊർജ്ജിത മായിരിക്കുന്നത്. സ്റ്റൗവിന്റെ പ്രോട്ടോടൈപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി ഡയറക്ടർ ആർ.എസ്. രവി പറഞ്ഞു.

ചില ആഫ്രിക്കൻ രാജ്യങ്ങളിലും ബ്രസീലിലും എഥനോൾ പാചകാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. എൽ.പി.ജിയെക്കാൾ സുരക്ഷിതമാണെന്നാണ് ഇവരുടെ അനുഭവം. ഇരുപത് മുതൽ മുപ്പത് ശതമാനം ഇന്ധന ക്ഷമതയും കൂടുതലാണ്.എന്നാൽ പാചകത്തിന് കൂടുതൽ സമയം വേണ്ടിവരും. വിതരണം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും എൽ.പി.ജിയെക്കാൾ സുരക്ഷിതമാണ്. എൽ.പി.ജിക്ക് എന്നപോലെ എഥനോൾ വിതരണത്തിന് രാജ്യവ്യാപകമായി ശൃംഖലയില്ലെന്നതു വെല്ലുവിളിയാകും. എഥനോൾ സ്റ്റൗ വിപണിയിൽ എത്തിക്കാനുളള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു ഗ്രെയിൻ എഥനോൾ മാനുഫാക്ചറേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. എഥനോളിനെ പാചക ഇന്ധനമായി പരിഗണിക്കണമെന്ന് ഇവർ നേരത്തേ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നാഗ്പുരിൽ പൊതുപരിപാടിക്കിടെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും എഥനോൾ അടുപ്പുകൾ വൈകാതെ വിപണിയിലെത്തുമെന്നു പറഞ്ഞിരുന്നു. എഥനോൾ പാചക ഇന്ധനത്തിലേക്ക് മാറുന്നത്, എൽ.പി.ജി ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് എഥനോൾ ഉൽപാദകർ ചൂണ്ടിക്കാട്ടുന്നു. 2024-25ൽ 31.3 ദശലക്ഷം ടൺ എൽ.പി.ജിയാണ് രാജ്യത്ത് ഉപയോഗിച്ചത്. ഇതിൽ 20.66 ദശലക്ഷം ടണ്ണും ഇറക്കുമതിയായിരുന്നു.
Comments ()