പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു
ബാംഗ്ലൂർ: ഭാരതീയ ചലച്ചിത്ര പിന്നണിഗാന രംഗത്തെ വാനമ്പാടി എസ്. ജാനകി (88) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്ന ജാനകിയമ്മയുടെ അന്ത്യം മൈസൂരുവിലായിരുന്നു. ദശലക്ഷക്കണക്കിന് ആരാധകർ 'ജാനകിയമ്മ' എന്ന് ആദരവോടെ വിളിച്ചിരുന്ന അവർ, ഇന്ത്യൻ സംഗീത ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്.
1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജനനം. മൂന്നാം വയസിൽ തന്നെ സംഗീതത്തോട് അപാരമായ ആഭിമുഖ്യം പ്രകടിപ്പിച്ചു തുടങ്ങിയ ജാനകി, ആകാശവാണി ദേശീയതലത്തിൽ സംഘടിപ്പിച്ച ഗാനമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധേയയാകുന്നത്. വൈകാതെ മദ്രാസിലെ പ്രശസ്തമായ എ.വി.എം സ്റ്റുഡിയോയിൽ അവർക്ക് ജോലി ലഭിച്ചു. 1957-ൽ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്രപിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
17 ഭാഷകൾ, 48,000 ഗാനങ്ങൾ
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും നിറസാന്നിധ്യമായിരുന്ന ജാനകി തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴോളം ഭാഷകളിലായി സോളോ, യുഗ്മഗാനം, കോറസ് ഉൾപ്പെടെ 48,000-ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള, സംസ്‌കൃതം, സൗരാഷ്ട്ര, ബഡുഗ എന്നീ ഭാഷകളിലും അവർ സാന്നിധ്യമറിയിച്ചു. മാതൃഭാഷ തെലുങ്കാണെങ്കിലും അവർ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത് യഥാക്രമം കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്. ആയിരത്തി ഇരുന്നൂറിലധികം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകിയമ്മ ശബ്ദം പകർന്നിട്ടുണ്ട്. ഗായിക എന്നതിന് പുറമെ നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങൾക്ക് വേണ്ടി അവർ ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്.
അവാർഡുകളുടെ തോഴിയും നിരസിച്ച പത്മഭൂഷണും
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാല് തവണയാണ് എസ്. ജാനകിയെ തേടിയെത്തിയത്.
- 1976-ൽ 'പതിനാറു വയതിനിലേ' (തമിഴ്) - സിന്ദൂര പൂവേ...
- 1980-ൽ 'ഓപ്പോൾ' (മലയാളം) - ഏറ്റുമാനൂർ അമ്പലത്തിൽ...
- 1984-ൽ 'സിതാര' (തെലുങ്ക്) - വെന്നല്ലോ ഗോദാരി ആനന്ദം...
- 1992-ൽ 'തേവർമകൻ' (തമിഴ്) - ഇഞ്ചി ഇടുപ്പഴകാ...
ഇവയ്ക്ക് പുറമെ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരം 14 തവണയും, ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് 10 തവണയും, തമിഴ്നാട് സർക്കാരിന്റേത് 7 തവണയും അവർ സ്വന്തമാക്കി. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം (1986), സുർ സിംഗർ അവാർഡ് (1987), കേരള സിനിമാ ആർക്കൈവർ അവാർഡ് (2002), സ്പെഷൽ ജൂറി സ്വരലയ യേശുദാസ് അവാർഡ് (2005) എന്നിവയും ജാനകിക്ക് ലഭിച്ചിട്ടുണ്ട്. 2013-ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിക്കാൻ തീരുമാനിച്ചെങ്കിലും, വൈകി വന്ന അംഗീകാരമെന്ന് ചൂണ്ടിക്കാട്ടി ജാനകി അത് നിരസിക്കുകയായിരുന്നു.
Comments ()