ബിച്ചിലെ മാലിന്യം അടിയന്തിരമായി നിക്കം ചെയ്യുക
വൈക്കം: നഗരസഭാ ബീച്ചിലെ ശില്പോദ്യാന പരിസരത്ത് കായലിൽ നിന്ന് കോരിയെടുത്ത് കൂട്ടിയിട്ടിരിക്കുന്ന ചെളിയും മാലിന്യങ്ങളും ദിവസങ്ങളായി നീക്കം ചെയ്യാതെ കിടക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്നും അടിയന്തിരമായി ഇത് നീക്കം ചെയ്യണമെന്നും സി.പി.ഐ. വൈക്കം മുനിസിപ്പൽ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. വൈക്കത്തിന്റെ പ്രധാന വിനോദ കേന്ദ്രമായ ബീച്ചിനെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്ന സാഹചര്യം അംഗീകരിക്കാനാവില്ല.

പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കേണ്ട നഗരസഭ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ മാലിന്യം നീക്കം ചെയ്യുന്നതിൽ ഉണ്ടായിരിക്കുന്ന കാലതാമസം നഗരസഭയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണെന്ന് ബ്രാഞ്ച് കമ്മറ്റി വിലയിരുത്തി. ഈ വിഷയത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ച പരാതികളോടും നിർദേശങ്ങളോടും നഗരസഭാ നേതൃത്വം സ്വീകരിച്ച സമീപനവും ജനാധിപത്യപരമായ പ്രവർത്തനരീതിക്ക് യോജിച്ചതായിരുന്നില്ല. ബീച്ചിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്ത് പ്രദേശം പൂർണമായും ശുചീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നഗരസഭ ഇനിയും അനാസ്ഥ തുടരുകയാണെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ബ്രാഞ്ച് സെക്രട്ടറി ആർ. സുരേഷ്, എസ്. ഹരിഹരൻ, അഡ്വക്കേറ്റ് കലേഷ് എന്നിവർ സംസാരിച്ചു.
Comments ()