കണിയാംതോട്ടിലെ മാലിന്യം നീക്കാൻ ശ്രമം
വൈക്കം: നഗരസഭ മൂന്നാം വാർഡിൽ പ്രദേശവാസികൾ നിക്ഷേപിച്ച മാലിന്യങ്ങൾ നിറഞ്ഞ കണിയാംതോട്ടിലെ നീരൊഴുക്ക് പുനസ്ഥാപിക്കാൻ നഗരസഭ വാർഡ് അംഗത്തിൻ്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. പ്രദേശവാസികൾ നിക്ഷേപിച്ചതടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടിഞ്ഞാണ് കണിയോട് പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ഒഴുക്ക് തടസ്സപ്പെട്ട് കിടന്നത്. വേനലിൽ നിക്ഷേപിച്ച മാലിന്യങ്ങളാണ് മഴയിൽ ഒഴുകി എത്തി പാലത്തിനു സമീപം കെട്ടികിടന്നതോടെ ഒഴുക്ക് തടസപ്പെട്ടത്. ഇവയാണ് കഴിഞ്ഞ ദിവസം നഗരസഭ മൂന്നാം വാർസ് അംഗം ഇടവട്ടം ജയകുമാറിൻ്റെ നേതൃത്വത്തിൽ ഒഴുക്കി നീക്കം ചെയ്തത്. നാട്ടുകാരിൽ ചിലരുടെ സഹായത്തോടെയായിരുന്നു നഗരസഭ അംഗം മാലിന്യം നീക്കിയത്. മഴ കനത്തതോടെ മാലിന്യം കെട്ടികിടന്ന് തോട്ടിലെ ഒഴുക്കിന് തടസ്സമുണ്ടായി ഒരു ഭാഗത്ത് ജലനിരപ്പ് ഉയർന്ന് തുടങ്ങിയതോടെയാണ് ഇടവട്ടം ജയകുമാറിൻ്റെ ഇടപെടൽ ഉണ്ടായത്. മാലിന്യം സൃഷ്ടിച്ച തടസം ഒഴിവാക്കിയെങ്കിലും തോടരുകിലെ ചെടികളും മരചില്ലകളും തോട്ടിലേക്ക് ചാഞ്ഞ നിലയിലാണ്. ഇത് നീരൊഴുക്കിന് തടസമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. മഴയിൽ ജലനിരപ്പ് ഉയരുന്നതോടെ ഇത് കൂടുതൽ വെള്ളത്തിലേക്കായി, ഒഴുക്കിന് കൂടതൽ തടസ്സം സൃഷ്ടിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ ഇവ കൂടി നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങുമെന്ന് വാർഡ് അംഗം അറിയിച്ചു. ഇതോടെ തോടിൻ്റെ പെരുഞ്ചില അടക്കമുള്ള കിഴക്ക് ഭാഗങ്ങളിൽ മഴക്കാലത്തെ വെള്ളപ്പൊക്ക രൂക്ഷത കുറക്കാനാനുമാവും. നാട്ടുകാരിൽ ചിലർ തന്നെ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തന്നെയാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും പൊതുഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് ഒഴിവാക്കണമെന്നും ഇടവട്ടം ജയകുമാർ അഭ്യർത്ഥിച്ചു.
Comments ()