ഓർമയായി വൈക്കത്തെ 'മരമുത്തശ്ശി'; താലൂക്ക് ഓഫീസിന് മുന്നിലെ തണൽമരം വെട്ടിനീക്കി
എസ്. സതീഷ്കുമാർ
വൈക്കം: പതിറ്റാണ്ടുകളായി വൈക്കം താലൂക്ക് ഓഫീസിന് മുന്നിൽ തണലൊരുക്കിയ മരമുത്തശ്ശി ഇനിയില്ല. കച്ചേരിക്കവലയില്‍ താലൂക്ക് ഓഫീസിന് മുന്നില്‍ വഴിയാത്രക്കാർക്കും പതിറ്റാണ്ടുകളായി സമര പ്രതിഷേധക്കാർക്കും തണലേകിയിരുന്ന മരം വെട്ടിനീക്കി. ശിഖരങ്ങൾ അപകടകരമായതോടെയാണ് മരം മുറിച്ച് മാറ്റിയത്. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് മരം മുറിച്ച് മാറ്റുന്നതെന്ന് താലൂക്ക് അധികൃതര്‍ അറിയിച്ചു. മരത്തിന്റെ വലിയ അടിവേരുകള്‍ താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ അടിഭാഗത്തേക്ക് വളര്‍ന്ന് കെട്ടിടത്തിന് തന്നെ ഭീഷണിയായ സാഹചര്യത്തിലാണ് മരം മുറിച്ച് മാറ്റിയത്. കച്ചേരിക്കവലയോട് തൊട്ട്‌ചേര്‍ന്ന് താലൂക്ക് ഓഫീസിന് മുന്നിൽ നിന്ന മരമുത്തശ്ശിയാണ് ഇതോടെ ഓർമയാകുന്നത്. വലിയ മരശിഖരങ്ങള്‍ വഴിയാത്രക്കാർക്കും, തിരക്കേറിയ നഗര ഹൃദയത്തിൽ മഴക്കാലത്ത് ഉണ്ടാകാവുന്ന വലിയ അപകട സാധ്യതയും മുൻനിർത്തിയാണ് മരം വെട്ടി നീക്കിയത്.

കഴിഞ്ഞ വികസന സമിതി യോഗത്തില്‍ മരത്തിന്റെ അപകട സാഹചര്യം കെ. ബിനിമോന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് പതിറ്റാണ്ടുകളായി നടന്ന ഏറെ സമര പ്രതിഷേധങ്ങൾക്ക് കൂടി തണലായി മാറിയ മരമുത്തശ്ശിക്കുമേൽ സുരക്ഷയുടെ കോടാലി കൈ വീണത്.
Comments ()