കേരള കോൺഗ്രസ് (എം) സ്‌റ്റിയറിങ് കമ്മിറ്റിയിൽ സി.പി.എമ്മിന് വിമർശനം
കോട്ടയം: കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ് (എം) സ്‌റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സി.പി.എമ്മിന് നേരെ വിമർശനം. മുന്നണി മാറ്റത്തിനുള്ള അവസരം കേരള കോൺഗ്രസ് (എം) നേതൃത്വം ഇല്ലാതാക്കിയെന്നും യോഗത്തിൽ വിമർശനം
ഉയർന്നതായാണ് വിവരം. ജനങ്ങളുടെ പൾസ് മനസിലാക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. സി.പി.എം നേതാക്കളുടെ ഇടപെടൽ ജനകീയമല്ലാതെയായി എന്നുമുള്ള വിമർശനങ്ങളാണ് ഉയർന്നത്. സി.പി.എമ്മിന് ഉണ്ടായ തിരിച്ചടി മുന്നണിയെ ആകെ ബാധിച്ചു. സി.പി.എം വോട്ടുകൾ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾക്ക് ചിലയിടങ്ങളിൽ ലഭിച്ചില്ല. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ അധ്യക്ഷതയിലാണ് യോഗം തുടരുന്നത്. വൈകിട്ടാണ് യോഗം അവസാനിക്കുന്നത്. ഇടുക്കിയിൽ പരാജയപ്പെട്ട റോഷി അഗസ്റ്റിൻ പ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉണ്ടായത് . ഗൗരവകരമായ പരിശോധന നടന്നുവെന്നും മാധ്യമങ്ങൾ പറയുന്ന തരത്തിൽ ആരും കടന്നാക്രമിച്ചിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിനകത്ത് സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ പൊളിറ്റ് ബ്യൂറോ യോഗത്തിനായി പിണറായി വിജയനും എം.വി ഗോവിന്ദനും ഇന്ന് ഡൽഹിയിലേക്ക് പോകുന്നുണ്ട്. നാളെ ചേരുന്ന പി.ബി യോഗത്തിൽ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് സംസ്‌ഥാന ഘടകം അവതരിപ്പിക്കും. പിണറായി വിജയൻ തന്നെ പ്രതിപക്ഷനേതാവ് ആകുമോ ആകാംക്ഷ ഉയരുമ്പോൾ നാളത്തെ പി.ബി യോഗത്തിൽ പിണറായി മനസ്സ് തുറക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും താൻ മാറിനിൽക്കുകയാണെന്ന് പിണറായി പറയുമോ എന്നാണ് അറിയേണ്ടത്. എങ്കിൽ മാത്രമേ മറ്റൊരാളെ പറ്റി പാർട്ടി ആലോചന ഉണ്ടാകാൻ സാധ്യത ഉള്ളു. പിണറായി അല്ലെങ്കിൽ മുൻ ധനമന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.എൻ ബാലഗോപാലിനാണ് സാധ്യത.
Comments ()