സമൂഹ മാധ്യമങ്ങൾക്ക് ഇടവേള നൽകണം: മോഹൻ ഡി. ബാബു
തലയോലപ്പറമ്പ്: വിദ്യാർത്ഥികളും യുവാക്കളും ഒഴിവ് വേളയിൽ സമൂഹ മാധ്യമങ്ങൾക്ക് ഇടവേളകൾ നൽകി ദിവസേന ഒരു മണിക്കൂറെങ്കിലും പത്രങ്ങളും പുസ്തകങ്ങളും വായിക്കാനും വായനശാലകൾ സന്ദർശിക്കാനും തയ്യറാകണമെന്ന് കെ.പി.സി.സി അംഗവും സാഹിത്യ സാംസ്കരിക പ്രവർത്തകനും ബഷീർ സ്മാരക സമിതി വൈസ് ചെയർമാനുമായ മോഹൻ ഡി. ബാബു പറഞ്ഞു. കേരളത്തിലെ പൊതു സമൂഹത്തെയാകെ മൊബൈൽ ലഹരി ബാധിച്ചിരിക്കുകയാണ്. അതിന് പ്രതിവിധിയാകാൻ വായനയ്ക്ക് മാത്രമേ കഴിയുകയു. ഒരുകാലത്ത് സന്ധ്യ സമയങ്ങളിൽ ടെലിവിഷൻ്റെ മുമ്പിൽ ചിലവഴിച്ചിരുന്ന വീട്ടമ്മമാർ പോലും ഇന്ന് റീൽസിനും വാട്സപ്പ് ചാറ്റിനുമാണ് മുൻഗണ നൽകുന്നത്. അന്തർദേശീയ വായന ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, കാൻഫെഡ് കോട്ടയം ജില്ലാ സമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന വായനപക്ഷാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം തലയോലപറമ്പിൽ നിർവ്വഹിക്കുകയായിരുന്നു മോഹൻ ഡി. ബാബു.

ഫെഡറൽ നിലയത്തിൽ നടന്ന ചടങ്ങിൽ കാൻഫെഡ് ജില്ലാ സെക്രട്ടറി എം. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി. മോഹൻകുമാറിൻ്റെ നോവലായ ഉലയെ കുറിച്ച് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി ഷാജിമോൻ പ്രഭാഷണം നടത്തി. സമിതി വൈസ് ചെയർപേഴ്സൺ പ്രൊഫ.കെ.എസ്. ഇന്ദു, ബഷീർ കഥാപാത്രം സെയ്തു മുഹമ്മദ്, കവി സി.ജി. ഗിരിജൻ ആചാരി, അഡ്വ.എ. ശ്രീകല, അഡ്വ.എസ്. ശ്രീകാന്ത് സോമൻ, ഡി. കുമാരി കരുണാകരൻ, കെ.എ. ഷാജഹാൻ, എം.കെ. കണ്ണൻ, എം.ജെ. ജോർജ്, കെ. അജിത്ത് കുളക്കുഴി, ഡോ.എസ്. പ്രീതൻ, അബ്ദുൾ കരിം ചൈതന്യ, ജെസ്സി വർഗ്ഗീസ്, കെ.ജി. രാമചന്ദ്രൻ, അനിത. എസ്., സിന്ധു, സുശീല ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
Comments ()