തലയോലപ്പറമ്പിൽ അതിപുരാതന വസ്തുക്കൾ മോഷ്ടിച്ചു
എസ്. സതീഷ്കുമാർ
വൈക്കം: തലയോലപ്പറമ്പ് ഇടവട്ടത്ത് അടച്ചിട്ടിരുന്ന ഇല്ലത്ത് നിന്ന് പുരാതന ലോഹ വിഗ്രഹവും വലിയ വിളക്കുകളും അടക്കം വിലമതിക്കാനാവാത്ത വസ്തുക്കൾ മോഷണം പോയി. മുല്ലക്കേരി ഇല്ലത്ത് എം.എൻ ശ്രേയസിന്റെ കുടുംബ തറവാട്ടിലാണ് മോഷണം നടന്നത്. ഇല്ലത്തിന് ഉള്ളിലെ പൂജ നടത്തുന്ന ക്ഷേത്രത്തിലെ 200 വർഷത്തിലധികം പഴക്കമുള്ള ലോഹ വിഗ്രഹവും അഞ്ചടിയിലധികം ഉയരമുള്ള വിളക്കുകളും അടക്കം പൂജാ പാത്രങ്ങളും പുരാതന സാമഗ്രികളുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. വീടിന് പിൻഭാഗത്തെ ഓടിളക്കിയ നിലയിലായിരുന്നു.
ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഓരാൾ വീട്ടിൽ നിന്ന് ഒരു ഉരുളിയുമായി പോകുന്നത് സമീപവാസിയായ കരിക്കേഴം രാജു എന്നയാൾ കണ്ടു. ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഉരുളി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കൊപ്പം മൂന്നുപേർ ഉണ്ടായിരുന്നതാണ് സംശയിക്കുന്നത്. ഇവർ ഉപേക്ഷിച്ചു കടന്ന ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. തറവാട് അടച്ചിട്ട് മറ്റൊരു വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ആഴ്ചയിലൊരു ദിവസമാണ് ഇവിടെയെത്താറുള്ളതെന്ന് ശ്രേയസ് പറഞ്ഞു. ഒന്നിലധികം തവണയായി ഇവർ ഇവിടെ നിന്നും സാധനങ്ങൾ കടത്തിയതായാണ് സംശയിക്കുന്നത്. എപ്പോഴൊക്കെയാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല.

തലയോലപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ഉപേക്ഷിച്ചു പോയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. അതിപുരാതനമായ വിലമതിക്കാനാവാത്ത വസ്തുക്കൾ ആണ് മോഷ്ടാക്കൾ കടത്തിയിരിക്കുന്നത്.
Comments ()